അജ്പാക്, കെ എസ് എ സി വോളിബോൾ ടൂർണമെന്റ്: ബൂബിയാൻ സ്ട്രൈക്കേഴ്സ് വിജയികളായി
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷനും (അജ്പാക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും സംയുക്‌തമായി അബ്ബാസിയ കെ എസ് എ സി ഗ്രൗണ്ടിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 18, 25 എന്നീ ദിവസങ്ങളിൽ നടന്ന മത്സരങ്ങളിൽ ബൂബിയാൻ സ്ട്രൈക്കേഴ്സ് ഒന്നാം സ്ഥാനവും, എം കെ വി എസ് മഹ്ബുള രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനക്കാർക്ക് തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, അജ്പാക് ഉദയകുമാർ മെമ്മോറിയാൽ ട്രോഫിയും, ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് അജ്പാക് റണ്ണർ അപ് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.
കുവൈറ്റിലെ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത എട്ട് പ്രമുഖ ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ മികച്ച കളിക്കാരനായി എം കെ വി എസ് മഹബുള്ളയുടെ ജെയിൻ, ഏറ്റവും നല്ല അറ്റാക്കർ ആയി ബൂബിയാൻ സ്ട്രൈക്കേഴ്സിന്റെ ഷെയ്ഖ്, ഏറ്റവും നല്ല സെറ്റർ ആയി റോബിൻ, ഏറ്റവും നല്ല ലിബറോ ആയി എം കെ വി എസ് ന്റെ കാർത്തിക് എന്നിവരെ തിരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങിൽ ഹുസൈൻ അൽ റുഷൈദ് (കുവൈറ്റ് എയർവേസ്), ഡോ. അമീർ അഹമ്മദ് (ചെയർമാൻ, കേരള ഫ്ലഡ് റിലീഫ് കമ്മറ്റി), ഷിബു പോൾ (എം ഡി, ബൂബയാൻ ഗ്യാസ്സ് ), ബിജു ജോർജ് ( ജനറൽ മാനേജർ, ബൂബയാൻ ഗ്യാസ് ), സുജേഷ് ചന്ദ്രൻ (മാനേജർ, താരിഖ് അൽഗാനിം) എന്നിവർ പങ്കെടുത്തു.
കുവൈറ്റിലെ വോളിബോൾ ആവേശം നിലനിർത്താനും സാമുദായിക സൗഹൃദം വളർത്തുവാനും ടൂർണമെന്റ് സഹായകമായതായി സംഘാടകർ അറിയിച്ചു.