എകെജി സെന്‍റർ ആക്രമണക്കേസ്; യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിനുമായുളള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. ഇന്നലെ ജിതിനുമായി നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുഹൈൽ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എകെജി സെന്ററിന് നേരെ ആക്രമണം നടന്ന സമയത്ത് ജിതിൻ ധരിച്ചിരുന്ന ഷൂസ് ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാനും പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുഹൈൽ ഷാജഹാൻ ഹാജരായിരുന്നില്ല.