ആമിർഖാന് വിരുന്നൊരുക്കി അക്കിനേനി കുടുംബം, സാമന്ത ചിത്രത്തിലില്ല
ബോളിവുഡിലെ സൂപ്പർ താരം ആമിർ ഖാന് വിരുന്നൊരുക്കി അക്കിനേനി കുടുംബം. നാഗാർജുന, അമല, മക്കളായ നാഗചൈതന്യ, അഖിൽ, ലവ് സ്റ്റോറിയുടെ സംവിധായകൻ ശേഖർ കമ്മുല എന്നിവർ ആമിറിനൊപ്പം നിന്ന് കേക്ക് മുറിക്കുന്ന ചിത്രമാണ് ഇൻ്റർനെറ്റിലൂടെ പ്രചരിച്ചത്.
ഫോട്ടോയിൽ സാമന്തയുടെ അസാന്നിധ്യം ശ്രദ്ധേയമായി. കഴിഞ്ഞയാഴ്ചയാണ് ഹൈദരാബാദിലെ വസതിയിൽ അക്കിനേനി കുടുംബം ആമിറിനുള്ള വിരുന്നൊരുക്കിയത്. നാഗ ചൈതന്യയും സാമന്തയുമായുള്ള വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നതിനിടെ പുറത്തുവന്ന ചിത്രം ഇരുവരുടെയും ആരാധകർക്കിടയിൽ വലിയ ചർച്ചയായി.
'ഫോറസ്റ്റ് ഗമ്പ് ' എന്ന ഹോളിവുഡ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൽ ആമിറിനൊപ്പം ശ്രദ്ധേയമായ വേഷത്തിൽ നാഗചൈതന്യയും അഭിനയിക്കുന്നുണ്ട്. ചൈതന്യയുടെ ആദ്യ ഹിന്ദി ചിത്രമാണ് 'ലാൽ സിങ്ങ് ഛദ്ദ'. ഫോറസ്റ്റ് ഗമ്പിൽ ടോം ഹാങ്ക്സ് അവതരിപ്പിച്ച വേഷമാണ് ആമിർ ചെയ്യുന്നത്. ആമിറിൻ്റെ അടുത്ത സുഹൃത്തിൻ്റെ വേഷമാണ് ചൈതന്യയ്ക്ക്. ഇരുവരും ഒന്നിച്ചുള്ള സീനുകൾ അടുത്തിടെ ലഡാക്കിൽ ചിത്രീകരിച്ചിരുന്നു.
ബാല രാജു എന്നാണ് ലാൽ സിങ്ങ് ഛദ്ദയിൽ ചൈതന്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് എന്ന് വിരുന്നിനിടയിൽ പരാമർശ വിധേയമായപ്പോൾ 70 വർഷങ്ങൾക്കുമുമ്പ് തൻ്റെ പിതാവ് അക്കിനേനി നാഗേശ്വരറാവു അതേ പേരിലുള്ള ഒരു ചിത്രത്തിൽ അഭിനയിച്ചതിനെപ്പറ്റിയുള്ള വൈകാരികമായ ഓർമകൾ നാഗാർജുന ആമിർ ഖാനുമായി പങ്കുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.