ഏറ്റവും കൂടുതല്‍ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമായി അക്ഷയ്കുമാര്‍; പ്രതിഫലം കോടികള്‍
കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 2022 ജൂലൈ-സെപ്റ്റംബർ പാദത്തിലാണ് ഇത്. അമിതാഭ് ബച്ചനും വിദ്യാ ബാലനുമാണ് തൊട്ടുപിന്നില്‍. ടാം മീഡിയ റിസർച്ചിന്‍റെ വിഭാഗമായ ടിഎം അഡെക്സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പരസ്യങ്ങളുടെ എണ്ണത്തിൽ അക്ഷയ് കുമാറിന് 7 ശതമാനം വിഹിതവും വിദ്യാ ബാലനും അമിതാഭ് ബച്ചനും 6 ശതമാനം വീതം വിഹിതവും ലഭിച്ചു. രൺവീർ സിംഗ്, ആലിയ ഭട്ട്, അനുഷ്ക ശർമ്മ, ഷാരൂഖ് ഖാൻ, സാറാ അലി ഖാൻ, കത്രീന കൈഫ്, കൃതി സനോൺ എന്നിവരാണ് ടെലിവിഷൻ പരസ്യങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെട്ട മറ്റ് താരങ്ങൾ. സെപ്റ്റംബർ പാദത്തിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പരസ്യങ്ങളിൽ 29 ശതമാനത്തിലും സെലിബ്രിറ്റികളായിരുന്നു. ഇവരിൽ ഭൂരിഭാഗവും സിനിമാ താരങ്ങളാണ്. സെലിബ്രിറ്റി പരസ്യങ്ങളിൽ 80 ശതമാനത്തിലേറെയും സിനിമാ താരങ്ങളുടേതാണ്. 10 ശതമാനം അത്ലറ്റുകളും 4 ശതമാനം പേർ ടെലിവിഷൻ താരങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.