മുംബൈയിൽ കോടികൾ വിലമതിക്കുന്ന അപ്പാർട്ട്മെൻ്റ് സ്വന്തമാക്കി അക്ഷയ് കുമാർ
മുംബൈ നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് 7.8 കോടി രൂപയ്ക്ക് അപ്പാർട്ട്മെൻ്റ് സ്വന്തമാക്കി പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാർ. ഭാര്യ ട്വിങ്കിൾ ഖന്ന, മക്കളായ ആരവ്, നിതാര എന്നിവർക്കൊപ്പം താമസിക്കുന്ന ഡ്യൂപ്ലക്‌സ് ഉൾപ്പെടെ മുംബൈയിൽ താരത്തിന് വേറെയും വസതികൾ ഉണ്ട്. ഗോവയിലും മൗറീഷ്യസിലും ആഡംബര വസതികളുമുണ്ട്.
ജോയ് ലെജൻഡ് എന്ന പേരിലുള്ള കെട്ടിടത്തിന്റെ 19-ാം നിലയിലാണ് 1,878 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ താമസസ്ഥലം. നാല് കാർ പാർക്കിങ്ങ് ഏരിയകളാണ് ഇവിടെയുള്ളത്. കെട്ടിടത്തിലെ അപ്പാർട്ട്മെൻ്റുകൾ എല്ലാം അൾട്രാ മോഡേൺ സൗകര്യങ്ങൾ ഉള്ളതാണ്. ഓരോ അപ്പാർട്ട്മെൻ്റിലും സ്വീകരണമുറി, ഡെക്ക് ഏരിയ, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം, അതിഥികൾക്കുള്ള കിടപ്പുമുറി, കുട്ടികളുടെ കിടപ്പുമുറികൾ, അടുക്കള, കുളിമുറി എന്നിവയുണ്ട്.
ബോളിവുഡിൽ ഏറ്റവുമധികം തിരക്കുള്ള നടനും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളുമാണ് അക്ഷയ്. ഫർഹാദ് സാംജിയുടെ ബച്ചൻ പാണ്ഡെ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് താരത്തിൻ്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. കൃതി സനൻ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരാണ് ബച്ചൻ പാണ്ഡെയിലെ മറ്റു താരങ്ങൾ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ പൃഥ്വിരാജിൽ അക്ഷയ് കുമാറിൻ്റെ നായിക മാനുഷി ചില്ലാറാണ്. 2017-ൽ ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് പൃഥ്വിരാജ്. ആനന്ദ് എൽ റായിയുടെ രക്ഷാബന്ധൻ, അഭിഷേക് ശർമയുടെ രാം സേതു, രഞ്ജിത് എം തിവാരിയുടെ മിഷൻ സിൻഡ്രല്ല, അമിത് റായിയുടെ ഓ മൈ ഗോഡ് 2, സഞ്ജയ് പുരൺ സിങ്ങ് ചൗഹാന്റെ ഗൂർഖ, രാജ് മേത്തയുടെ സെൽഫി ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.