100 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമകളിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് അക്ഷയ് കുമാർ
നൂറ് ദിവസത്തോളം ഷൂട്ട് ചെയ്യേണ്ടി വരുന്ന സിനിമകളിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാർ. പരമാവധി 45-50 ദിവസമാണ് താൻ ഒരു സിനിമയ്ക്ക് നൽകാറുള്ളതെന്നും നടൻ പറഞ്ഞു. അതിൽ കൂടുതൽ നൽകാനാവില്ല. ഒരു സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഷൂട്ടിങ്ങ് നീണ്ടു പോയാൽ സിനിമയുടെ ബജറ്റിനെ അത് കാര്യമായി ബാധിക്കും. കൃത്യമായി ഷെഡ്യൂൾ ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയാലേ സിനിമ വിജയിക്കൂ. ആരുടെ പണമായാലും അനാവശ്യമായി ചെലവഴിക്കുന്നതിൽ താത്പര്യമില്ലെന്നും നടൻ പറഞ്ഞു.
ധനുഷ്, സാറാ അലി ഖാൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ അത്രങ്കി രേ എന്ന ചിത്രമാണ് ഒടുവിലായി പുറത്തു വന്ന അക്ഷയ് കുമാർ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിൽ അതിഥി വേഷത്തിലാണ് നടൻ വന്നത്. ബച്ചൻ പാണ്ഡേ, പൃഥ്വിരാജ്, രക്ഷാ ബന്ധൻ, രാം സേതു, ഓ മൈ ഗോഡ് 2 എന്നിവയാണ് താരത്തിൻ്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.