അഭിനയ രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി അജയ് ദേവ്ഗൺ; ജുഹു ബീച്ചിലെ ഓർമകൾ പങ്കുവെച്ച് അക്ഷയ്കുമാർ
അഭിനയ ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി പ്രശസ്ത ബോളിവുഡ് താരം അജയ് ദേവ്ഗൺ. 2016-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച അഭിനേതാവ് രണ്ടു തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്, നിരവധി ഫിലിംഫെയർ അവാർഡുകളും. പ്രശസ്ത നടി കാജോൾ ആണ് നടൻ്റെ ജീവിത പങ്കാളി.
അജയ് ദേവ്ഗണുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധത്തെ കുറിച്ചാണ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിൻ്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. വർഷങ്ങൾക്കു മുമ്പ് ഇരുവരും ഒന്നിച്ച് ജുഹു ബീച്ചിൽ മാർഷ്യൽ ആർട്സ് പ്രാക്റ്റീസ് ചെയ്തതിനെ കുറിച്ചാണ് അക്ഷയ് കുമാർ എഴുതുന്നത്. വിശാൽ വീരു ദേവ്ഗൺ എന്ന് യഥാർഥ പേരുള്ള അജയ് ദേവ്ഗണിൻ്റെ പിതാവ് വീരു ദേവ്ഗണാണ് അക്കാലത്ത് ഇരുവരെയും മാർഷ്യൽ ആർട്സ് അഭ്യസിപ്പിച്ചിരുന്നത്.
"തുടക്കക്കാർ എന്ന നിലയിൽ നാം ഇരുവരെയും താങ്കളുടെ പിതാവ് ജുഹു ബീച്ചിൽ വെച്ച് മാർഷ്യൽ ആർട്സ് പഠിപ്പിച്ചിരുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. എന്തൊരു കാലമായിരുന്നു അത്. 'ഫൂൽ ഔർ കാണ്ഡേ' പുറത്തിറങ്ങിയിട്ട് മുപ്പത് വർഷം പൂർത്തിയാകുന്നു. കാലം കുതിക്കുകയാണ്. സൗഹൃദം അതേപടി നിൽക്കുന്നു," അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.