സഞ്ചാരികളെ ആകർഷിച്ച് ഗോവയിലെ ആൽക്കഹോൾ മ്യൂസിയം

1950-കളിൽ തദ്ദേശീയ മദ്യമായ ഫെനി പകർന്നു നൽകിയിരുന്ന കുപ്പികൾ, പാനീയം വിളമ്പാൻ ഉപയോഗിച്ച മനോഹരമായ ഗ്ലാസ് വെയറുകൾ, പഴയ തരം തടിപ്പാത്രങ്ങൾ, അളവ് ഉപകരണങ്ങൾ...ഗോവയിൽ ആൽക്കഹോൾ മ്യൂസിയം കാണാനെത്തുന്ന സഞ്ചാരികൾക്ക് മുന്നിൽ കൗതുകകരമായ കാഴ്ച വസ്തുക്കളാണ് നിറയുന്നത്.

WhatsApp Image 2021-09-27 at 1.54.32 PM.jpeg

തലസ്ഥാനമായ പനജിയിൽ നിന്ന് 10 കിലോമീറ്റർ അകലെയായാണ് ആൽക്കഹോൾ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വടക്കൻ ഗോവയിൽ, ബീച്ച് ബെൽറ്റിലുള്ള പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ സിൻക്വറിം, കാൻഡോലിം എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിൽ 1,300 ചതുരശ്ര അടിയിൽ പണിതീർത്ത മ്യൂസിയം ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

മദ്യ നിർമാണത്തിൻ്റെ ചരിത്രം പറഞ്ഞു തരുന്ന ലോകത്തിലെ ആദ്യത്തെ മ്യൂസിയം എന്നാണ് "ഓൾ എബൗട്ട് ആൽക്കഹോളി"നെപ്പറ്റിയുള്ള ഉടമസ്ഥരുടെ അവകാശവാദം.

WhatsApp Image 2021-09-27 at 1.55.08 PM.jpeg

കശുമാങ്ങയിൽ നിന്നുണ്ടാക്കുന്ന ഗോവക്കാരുടെ തദ്ദേശീയ മദ്യമായ ഫെനിയുടെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രമാണ് മ്യൂസിയത്തിലെ നാല് മുറികളിലായി പ്രദർശിപ്പിച്ചിരിക്കുന്നത്. പഴയ മൺപാത്രങ്ങൾ, 16-ാം നൂറ്റാണ്ടിലെ അളവ് ഉപകരണങ്ങൾ, പുരാതനമായ ഡിസ്പെൻസറുകൾ, മദ്യത്തിൻ്റെ തീവ്രത അളക്കാനുള്ള 'ഗർവ്' (സ്കെയിൽ), അത്യപൂർവമായ ക്രിസ്റ്റൽ കൊണ്ട് നിർമിച്ച ഓസ്‌ട്രേലിയൻ ബിയർ ഗ്ലാസ്, ആയിരത്തി തൊള്ളായിരത്തി നാൽപ്പതുകളിലെ ടെക്വില വിൻ്റേജ് ന്യൂഡി ഗേൾ ബാർ ഗ്ലാസ്സ്...തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തിലുണ്ട്.

WhatsApp Image 2021-09-27 at 1.54.44 PM.jpeg

ലോക രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച ഗ്ലാസ് വെയറുകൾ, ചാലിസുകൾ, ബ്രാണ്ടി ഗ്ലാസുകൾ, ചെരിഞ്ഞ വൈൻ ഗ്ലാസുകൾ, പോളണ്ടിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ഷോട്ട് ഗ്ലാസ് എന്നിവയും ഇവിടെ പ്രദർശിപ്പിക്കുന്നു.

മ്യൂസിയത്തിൽ ഒരു നിലവറയുണ്ട്.1950 കളിൽ, കശുവണ്ടിയിൽ നിന്നും നാളികേരത്തിൽ നിന്നും ഉണ്ടാക്കിയ ഫെനിയാണ് നിലവറയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

WhatsApp Image 2021-09-27 at 1.54.56 PM.jpeg

തിരക്കേറിയ വീഥിയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മദ്യം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറിച്ച് ഉത്തരവാദിത്തത്തോടെ മദ്യപിക്കേണ്ടതിനെ പറ്റിയുള്ള അവബോധം പകർന്നു നല്കുകയാണെന്നും മ്യൂസിയം ക്യൂറേറ്റർമാർ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോവയുടെ ഫെനി പാരമ്പര്യമാണ് സഞ്ചാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്നത്.

WhatsApp Image 2021-09-27 at 2.00.50 PM.jpeg

മുൻകാലങ്ങളിൽ ഫെനി നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഒട്ടേറെ പുരാതന വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിലെ നാല് മുറികളിൽ ഒന്നിൽ ഗോവയിലെ പാചക സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പഴയ കാലത്ത് ഉപയോഗത്തിൽ ഉണ്ടായിരുന്ന സ്റ്റൗ, സ്പൂണുകൾ, ഗ്രൈൻഡറുകൾ, ഗ്രെയ്റ്ററുകൾ, ഉരലും ഉലക്കയും ഉൾപ്പെടെ ഒട്ടേറെ പുരാതന വസ്തുക്കൾ ഇവിടെ കാണാം.

WhatsApp Image 2021-09-27 at 1.55.18 PM.jpeg

പോർച്ചുഗീസ് കാലത്ത് മദ്യശാലകളിൽ പ്രകാശം പരത്താനും അലങ്കാരത്തിനുമായി ഉപയോഗിച്ചിരുന്ന പെട്രോമാക്സ് വിളക്കുകളുടെ വലിയ ശേഖരവും മ്യൂസിയത്തിലുണ്ട്.

Related Posts