ട്വിറ്ററിൽ താരമായി ആലിയ ഭട്ട്

2021-ൽ ബോളിവുഡിൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട നടിയായി ആലിയ ഭട്ട്. പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. ദിശ പട്ടാനി, ദീപിക പദുക്കോൺ, അനുഷ്ക ശർമ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ബ്രഹ്മാസ്ത്ര, ആർആർആർ, ഗംഗുഭായ് കത്തിയവാഡി തുടങ്ങി ഒരു നിര ചിത്രങ്ങളിലൂടെ ആരാധകർക്കിടയിൽ തന്നെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നിലനിർത്താൻ ആലിയയ്ക്ക് കഴിഞ്ഞതായി ട്വിറ്റർ പ്രസ്താവനയിൽ പറഞ്ഞു.

ജീ ലാ സാറാ എന്ന വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകളും ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖവുമാണ് പ്രിയങ്ക ചോപ്രയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഫാഷൻ ലോകത്തെ പുതുപുത്തൻ ചുവടുവെപ്പുകളും, രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന സിനിമയും ദിശ പട്ടാനിയെ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി.

അഭിനയരംഗത്ത് 14 വർഷം പൂർത്തിയാക്കിയ വർഷമെന്ന നിലയിൽ 14 ഇയേഴ്സ് ഓഫ് ദീപിക പദുക്കോൺ എന്ന ഹാഷ്ടാഗിലൂടെ ഉയർന്നുവന്ന ഹൈപ്പാണ് ദീപികയെ തുണച്ചതെങ്കിൽ ഭർത്താവ് വിരാട് കോലിയും മകൾ വാമികയുമാണ് അനുഷ്‌കയെ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെടാൻ ഇടയാക്കിയത്. വിവാഹ വാർത്തകൾ നിറഞ്ഞുനിന്നിട്ടും ആദ്യ അഞ്ചിൽ ഇടം പിടിക്കാൻ കത്രീന കയ്ഫിന് സാധിച്ചില്ല.

Related Posts