ഹാപ്പി ബെർത്ത്‌ ഡേ മൈ ലൈഫ്; രൺബീറിന് പിറന്നാളാശംസകളുമായി ആലിയ ഭട്ട്

ബോളിവുഡിലെ താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. രൺബീർ കപൂറിന് 39-ാം ജന്മദിനത്തിൽ രൺബീറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ആലിയയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഒരുമിച്ച് അവരുടെ അവധിക്കാലത്ത് നിന്നുള്ള ഒരു പോസ്റ്റ്കാർഡ് പങ്കുവെച്ചുകൊണ്ട്, ആലിയ ഭട്ട് എഴുതി: 'ഹാപ്പി ബർത്ത്ഡേ മൈ ലൈഫ്'. രൺബീറിന്റെ തോളിൽ ചാരിയിരുന്നുകൊണ്ട് സൂര്യാസ്തമയം കാണുന്നതിന്റെ മനോഹര ചിത്രമാണ് താരം പങ്കുവെച്ചത്. ആരാധകരുടെ ഹൃദയം കീഴടക്കിയ ഈ ചിത്രം ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

39ാം ജന്മദിനം ആലിയയ്ക്കൊപ്പം രാജസ്ഥാനിൽ ആഘോഷിക്കുകയാണ് രൺബീർ. ഇക്കഴിഞ്ഞ ദിവസമാണ് അവധിയാഘോഷിക്കാൻ താരജോഡികൾ ജോധ്പൂരിൽ എത്തിയത്. ഇരുവരും ജോധ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്ന ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.

2018 മുതൽ രൺബീറും ആലിയയും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ച് ആരാധകർക്കു മുന്നിലെത്തുകയും പ്രണയത്തിലാണെന്നും തുറന്നു പറയുകയും ചെയ്തിരുന്നു. കൊവിഡ് വന്നില്ലായിരുന്നെങ്കിൽ വിവാഹം ഉടനെ നടക്കേണ്ടതായിരുന്നു എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീർ പറഞ്ഞത്. ആലിയയും രൺബീറും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് ശേഷം വിവാഹം ഉണ്ടാകുമെന്ന വാർത്തകളുണ്ട്.

Related Posts