ആലിയ-രൺബീർ താര വിവാഹം: കനത്ത സുരക്ഷ; 200 ബൗൺസർമാർ, ഡ്രോണുകൾ
സമീപകാലത്ത് ബോളിവുഡ് കണ്ടിട്ടില്ലാത്തത്ര കനത്ത സുരക്ഷയിലാണ് കപൂർ-ഭട്ട് കുടുംബങ്ങളിലെ ഇളമുറക്കാരായ രൺബീർ കപൂറിൻ്റെയും ആലിയ ഭട്ടിൻ്റെയും താര വിവാഹം നടക്കാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിൽ ഒന്നാണ് കപൂർ കുടുംബം. ഋഷി കപൂറിൻ്റെ മകനാണ് രൺബീർ. അതീവ സമ്പന്നരാണ് ഭട്ട് കുടുംബം. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിൻ്റെ മകളും അഭിനേത്രി പൂജാ ഭട്ടിൻ്റെ അനിയത്തിയുമാണ് ആലിയ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ആലിയ.
തികച്ചും സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടക്കുന്നതെങ്കിലും സുരക്ഷയുടെ കാര്യത്തിൽ കനത്ത മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. അത്യാധുനിക ഡ്രോണുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഇരുന്നൂറോളം ബൗൺസർമാരെ വിവാഹ വേദിയിലും പരിസര പ്രദേശത്തുമായി വിന്യസിക്കുമെന്ന് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
ഏപ്രിൽ 17-നാണ് വിവാഹം. മെഹ് ന്ദി, സംഗീത്, കോക്ടെയ്ൽ ഉൾപ്പെടെയുള്ള പ്രീ വെഡ്ഡിങ്ങ് ഫെസ്റ്റിവിറ്റീസ് നടക്കുന്ന ആർ കെ സ്റ്റുഡിയോസിലും രൺബീറിൻ്റെ വീട്ടിലും സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളും റോവിങ്ങ് പട്രോൾ ഓഫീസർമാരും സുരക്ഷയ്ക്ക് ശക്തി പകരും.
മൂന്നു വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് രൺബീർ-ആലിയ ജോഡികൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് ഇടയിലാണ് ഇരുവരും പ്രണയബദ്ധരാവുന്നത്. 8 എന്ന നമ്പറിനോടുള്ള കപൂർ കുടുംബത്തിൻ്റെ പ്രത്യേക താത്പര്യം പരിഗണിച്ച് ഏപ്രിൽ 17-ന് രാത്രി 2 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലാവും താലികെട്ട് എന്നും റിപ്പോർട്ടുകളുണ്ട്.