അമേരിക്കയിൽ പ്രായപൂർത്തിയായ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതി
പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വൈറസിന് എതിരെയുള്ള വാക്സിൻ്റെ ബൂസ്റ്റർ ഡോസിന് അർഹത ലഭിക്കും വിധത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി അമേരിക്ക. ഫൈസർ, മോഡേണ വാക്സിനുകൾ എടുത്ത് ചുരുങ്ങിയത് ആറുമാസം കഴിഞ്ഞ മുതിർന്നവർക്കെല്ലാം ബൂസ്റ്റർ ഡോസ് എടുക്കാനാവും. ജോൺസൺ ആൻ്റ് ജോൺസൻ്റെ ഒറ്റ ഡോസ് വാക്സിൻ എടുത്ത് രണ്ടുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള അനുമതി നേരത്തേ നൽകിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശീതകാലത്ത് വൈറസ് ബാധ അപകടകരമായ തോതിൽ ഉയരുമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകിയിട്ടുണ്ട്.
ആഗസ്റ്റിലാണ് പ്രായപൂർത്തിയായ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന പ്രഖ്യാപനം ആദ്യമായി വരുന്നത്. എന്നാൽ അധിക ഡോസ് എല്ലാവർക്കും നൽകുന്നതിനെച്ചൊല്ലി വിദഗ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. തുടർന്ന് 65 വയസ്സിന് മുകളിലുള്ള, മറ്റ് അസുഖങ്ങളുള്ള, അപകടസാധ്യത കൂടുതലുള്ള പ്രായം ചെന്നവർക്കും വൈറസ് ബാധക്ക് സാധ്യത കൂടുതലുളള തൊഴിലിൽ ഏർപ്പെടുന്നവർക്കും മാത്രമായി യോഗ്യത പരിമിതപ്പെടുത്തി.
60 ശതമാനത്തോളം ആളുകൾക്കാണ് (195.7 ദശലക്ഷം) ജോൺസൺ ആൻ്റ് ജോൺസൻ്റെ ഒറ്റ ഡോസോ ഫൈസർ, മോഡേണ വാക്സിനുകളുടെ രണ്ട് ഡോസോ വഴി പൂർണ വാക്സിനേഷൻ ലഭിച്ചിരിക്കുന്നത്. 32 ദശലക്ഷം പേരാണ് ഇതുവരെ ബൂസ്റ്റർ ഡോസ് എടുത്തത്. യോഗ്യതാ മാനദണ്ഡങ്ങളിൽ വന്ന മാറ്റത്തോടെ ബൂസ്റ്റർ ഡോസ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായ മുഴുവൻ പേർക്കും അത് ലഭിക്കും.