2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പരമാവധി പരിശ്രമിക്കും: കേന്ദ്ര കായികമന്ത്രി

ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ എല്ലാ മേഖലയിലും ഒരു ലോകശക്തിയായി മാറി, സ്പോർട്സിൽ അതാകുന്നതിൽ എന്താണു കുഴപ്പം? അനുരാഗ് ഠാക്കൂർ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 2036ലെ ഒളിമ്പിക്സിന് 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഈ നഗരങ്ങളിലൊന്നിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) വേദിയായി തിരഞ്ഞെടുക്കും. പാരീസ്, ലോസ് ആഞ്ചലസ്, ബ്രിസ്ബെയ്ൻ എന്നിവിടങ്ങളെയാണ് അടുത്ത മൂന്ന് ഒളിമ്പിക്സിനുള്ള വേദികളായി നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 2036ലെ ഒളിംപിക്സ് നടക്കും. 2036 ലോകകപ്പിന് ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഖത്തർ എന്നിവരാണ് രംഗത്തുള്ള മറ്റു രാജ്യങ്ങൾ. ജർമ്മനിയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര തലത്തിൽ എതിർപ്പ് ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെ ഒളിമ്പിക്സ് വേദിയായി ഉയർത്തിക്കാട്ടുമെന്നാണ് കായിക മന്ത്രി നൽകുന്ന സൂചന. അങ്ങനെയെങ്കിൽ അഹമ്മദാബാദിലെ മൊട്ടേര സ്പോർട്സ് കോംപ്ലക്സ് ആയിരിക്കും പ്രധാന വേദി. 1951 ലും 1981 ലും ഏഷ്യൻ ഗെയിംസിനും 2010 ൽ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മൂന്ന് തവണയും ഡൽഹിയായിരുന്നു വേദി.

Related Posts