പോളിടെക്‌നിക്കുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവ: മന്ത്രി ആർ ബിന്ദു
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കൂടുതൽ മികവോടെ പുനർനിർവ്വചിക്കപ്പെടുന്ന കാലഘട്ടമാണ് ഇന്നത്തേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൃപ്രയാർ ശ്രീരാമ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്കുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവയായി തുടരുന്നത് അഭിമാനകരമാണ്. ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് കുട്ടികൾക്ക് തൊഴിൽ അഭ്യസിക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റാർട്ടപ്പ് യൂണിറ്റുകൾ കൊണ്ടുവരാൻ കഴിയുന്ന തൊഴിൽ ശാലകൾ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പഠിക്കുമ്പോൾ തന്നെ ചെറിയ രീതിയിൽ സമ്പാദിക്കാൻ കഴിയുക. തങ്ങൾ ആർജ്ജിക്കുന്ന വിദ്യയെ പ്രയോഗത്തിൻ്റെ തലത്തിലേക്ക് പരാവർത്തനം ചെയ്യാൻ പോളിടെക്നിക്കുകളോട് ചേർന്ന് ഉൽപ്പാദന യൂണിറ്റുകൾ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എൻഡോവ്മെന്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു. സി സി മുകുന്ദൻ എം.എൽ.എ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ
പി വി ബിജി റിപ്പോർട്ട് അവതരിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ-ചാർജ്ജ് ടി പി ബൈജുഭായി, പ്രിൻസിപ്പാൾ എ.എ.അബ്ദുൾനാസർ എന്നിവർ സംസാരിച്ചു.
രണ്ട് നിലകളിലായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിനായി 180 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ക്ലാസ് മുറി, ഡൈനിങ് മുറി, പാൻട്രി ലിഫ്റ്റ് മുറി, ആറ് ടോയ്‌ലറ്റുകൾ എന്നിവ താഴത്തെ നിലയിലുണ്ട്. ടോയ്‌ലറ്റുകളിൽ ഒന്ന് ഭിന്നശേഷിക്കാർക്ക് പ്രത്യേകം നിർമ്മിച്ചതാണ്. ഒന്നാമത്തെ നിലയിൽ സെമിനാർ ഹാൾ, ക്ലാസ് മുറി, സ്റ്റോർ, രണ്ട് ടോയ്‌ലറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.