ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം നീട്ടിവെയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി
വരുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം നീട്ടിവെയ്ക്കാൻ അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ
സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും പ്രകടനങ്ങളും അടക്കമുള്ള എല്ലാത്തരം ഒത്തുചേരലുകളും നിരോധിക്കുന്നതിനെക്കുറിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ചും ഗൗരവപൂർവം ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കോടതി അഭ്യർഥിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ഒരു കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ലോകമെങ്ങും ആശങ്കയുയർത്തുന്ന ഒമിക്രോൺ കേസുകൾ ഇന്ത്യയിലും വർധിച്ചുവരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. റാലികൾ നിരോധിച്ചില്ലെങ്കിൽ രണ്ടാം തരംഗത്തേക്കാൾ മോശം സാഹചര്യമാവും സൃഷ്ടിക്കപ്പെടുന്നതെന്ന് ജസ്റ്റിസ് ശേഖർ യാദവ് പറഞ്ഞു. ജീവനുണ്ടെങ്കിലേ ലോകമുള്ളൂ.
ദിവസേന നൂറുകണക്കിന് കേസുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ കോടതിയിൽ പതിവായി തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും തടിച്ചുകൂടുന്ന ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒമിക്രോൺ കേസുകളുടെ എണ്ണത്തെക്കുറിച്ചും ലോക്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളെക്കുറിച്ചുമുള്ള മാധ്യമ റിപ്പോർട്ടുകൾ കോടതി ഉദ്ധരിച്ചു.
രാജ്യത്ത് രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം എന്ന നിലയിൽ പൊതുതിരഞ്ഞെടുപ്പുകളിൽ നിർണായക പങ്കാണ് സംസ്ഥാനം വഹിക്കുന്നത്.
ജനക്കൂട്ടത്തെ വൻതോതിൽ ആകർഷിക്കുന്ന സ്റ്റാർ പ്രചാരകരുമായി എല്ലാ രാഷ്ട്രീയ പാർടികളും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും പ്രധാന പ്രതിപക്ഷ പാർടികളുടെ നേതാക്കളും അടക്കമാണ് കൊവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കാൻ സാധ്യതയില്ലാത്ത പടുകൂറ്റൻ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്നത്. വരും മാസങ്ങളിലും നിരവധി റാലികളും പൊതുസമ്മേളനങ്ങളുമാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്നത്.