മരിച്ചുപോയ അപ്പൂപ്പന് സ്നേഹോഷ്മളമായ കത്തെഴുതി പൃഥ്വിരാജിന്റെ മകൾ അല്ലി
മരിച്ചുപോയ അപ്പൂപ്പന് അലംകൃതയുടെ സ്നേഹനിർഭരമായ കത്ത്. സ്വർഗത്തിലെ ജീവിതം എങ്ങനെയുണ്ടെന്നും അമ്മൂമ്മയെ അവിടെവെച്ച് കണ്ടുമുട്ടിയോ എന്നും അല്ലി എന്ന അലംകൃത അപ്പൂപ്പനുള്ള തന്റെ കത്തിൽ ചോദിക്കുന്നു.
നടൻ പൃഥ്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോന്റെയും മകളാണ് അല്ലി. സുപ്രിയയുടെ മരിച്ചു പോയ അച്ഛനാണ് അല്ലി കത്തെഴുതുന്നത്. കുട്ടിയുടെ വിശേഷങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.
ഡാഡി എന്നാണ് അപ്പൂപ്പനെ അല്ലി അഭിസംബോധന ചെയ്യുന്നത്, അമ്മൂമ്മയെ നാനി എന്നും. വിശേഷങ്ങൾ ആരായുന്ന കുട്ടി സ്വർഗത്തിലെ അപ്പൂപ്പന്റെ ജീവിതം എങ്ങനെയുണ്ടെന്ന് തിരക്കുന്നുണ്ട്. അപ്പൂപ്പനൊപ്പം ചിലവഴിച്ച നാളുകൾ ഓർമയിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ലെന്ന് കത്തിൽ പറയുന്നു. ഭൂമിയിലെ ഏറ്റവും മികച്ച അപ്പൂപ്പനായിരുന്നു തന്റേത്. ഇനിയും ഒരു പാട് കത്തെഴുതാം എന്ന വാഗ്ദാനവും അല്ലി ഡാഡിക്ക് നൽകുന്നുണ്ട്. സ്വർഗത്തിലിരുന്ന് അപ്പൂപ്പന് കേൾക്കാനായി ഒരു പാട്ട് കൂടി കേൾപ്പിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.