മനോഹരമായ ജീവിതാനുഭവങ്ങൾ സമ്മാനിച്ച എല്ലാവർക്കും നന്ദി; 40-ാം പിറന്നാൾ ദിനത്തിൽ അല്ലു അർജുൻ
മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് അല്ലു അർജുൻ. തെലുഗ് സിനിമയെ മലയാളി പ്രേക്ഷകരിലേക്ക് അടുപ്പിച്ചതിൽ അല്ലുവിനോളം പങ്ക് മറ്റാർക്കും ഇല്ലെന്ന് നിസ്സംശയം പറയാം. അല്ലു അർജുൻ സിനിമകൾ യുവ തലമുറയെ ആകർഷിക്കുന്നതിന് പ്രധാന കാരണം നടൻ്റെ ചടുലമായ ഡാൻസ് നമ്പറുകളും തീ പാറുന്ന സംഘട്ടന രംഗങ്ങളുമാണ്. ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതയും യുവജനങ്ങളുടെ പ്രിയ താരമാക്കി അല്ലുവിനെ മാറ്റുന്നു. തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അല്ലു.
1982 ഏപ്രിൽ 8-നാണ് അല്ലു അർജുൻ്റെ ജനനം. ഇന്ന് 40-ാം പിറന്നാൾ ആഘോഷ വേളയിൽ മനോഹരമായ ജീവിതാനുഭവങ്ങൾ സമ്മാനിച്ച എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ നടൻ്റെ ഹൃദയ സ്പർശിയായ കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
താൻ വളരെയേറെ അനുഗൃഹീതനാണെന്ന് പോസ്റ്റിൽ നടൻ പറയുന്നു. 40-ാം വയസ്സിൽ തിരിഞ്ഞു നോക്കുമ്പോൾ ഒട്ടേറെ മനോഹരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അച്ഛനമ്മമാർ മുതൽ എല്ലാവർക്കും അതിൽ ഓരോരോ പങ്കുള്ളതായി മനസ്സിലാക്കുന്നു. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അധ്യാപകർ, അഭ്യുദയ കാംക്ഷികൾ, സിനിമാ ലോകം, പ്രേക്ഷകർ, എല്ലാറ്റിനും ഉപരി തന്നെ നെഞ്ചോട് ചേർത്ത് വെച്ചിട്ടുള്ള ആരാധകർ. ഇവരെല്ലാം ചേർന്നാണ് മനോഹരമായ ഒരു ലോകം തനിക്ക് സമ്മാനിച്ചത്. എല്ലാവരോടും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു.
അര മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് പേരാണ് പ്രിയ താരത്തിൻ്റെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.