10 കോടി വാഗ്ദാനം; മദ്യ കമ്പനിയുടെ പരസ്യത്തിനോട് 'നോ' പറഞ്ഞ് അല്ലു അർജുൻ
അല്ലു അർജുൻ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ്. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ് അല്ലു. സിനിമ പോലെ അല്ലു അർജുൻ പരസ്യത്തിലും വളരെ ശ്രദ്ധാലുവാണ്. ഇപ്പോഴിതാ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തോട് നോ പറഞ്ഞിരിക്കുകയാണ് താരം. ഭീമമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും താരം പരസ്യത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചു. പ്രതിഫലമായി 10 കോടി രൂപയാണ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്. പരസ്യത്തിൽ അഭിനയിച്ചാൽ അത് തന്‍റെ ആരാധകരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് അല്ലു കോടികളുടെ ഓഫർ നിരസിച്ചത്. മുമ്പും ഇത്തരം ലഹരി പരസ്യങ്ങളിൽ നിന്ന് താരം വിട്ടുനിന്നിട്ടുണ്ട്. അല്ലു അർജുൻ അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്‍റെ പരസ്യത്തിൽ നിന്ന് പിൻമാറിയിരുന്നു. തന്‍റെ ആരാധകർക്ക് ഇത് തെറ്റായ മാതൃകയാകുമെന്നതിനാലാണ് അദ്ദേഹം ഓഫർ നിരസിച്ചത്. കോടികളാണ് ഇതിലും പ്രതിഫലമായി വാഗ്ദാനം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ അല്ലു അർജുനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. പരസ്യം സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയത്. പുഷ്പ 2 ആണ് താരത്തിന്‍റെ പുതിയ ചിത്രം. ആരാധകർ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.