ഷൂട്ടിങ്ങിനിടെ പുനീത് രാജ്കുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് അല്ലു അർജുൻ
ഷൂട്ടിങ്ങിന്റെ തിരക്കിനിടയിൽ വീണുകിട്ടിയ അൽപ്പസമയം അന്തരിച്ച കന്നട നടൻ പുനീത് രാജ്കുമാറിന്റെ കുടുംബത്തെ സന്ദർശിക്കാൻ മാറ്റിവെച്ച് തെലുഗ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ബെംഗളൂരുവിൽ എത്തിയപ്പോഴാണ് താരം രാജ്കുമാർ കുടുംബത്തെ കാണാൻ എത്തിയത്.
പുനീതിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ അല്ലു അർജുൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അകാലത്തിൽ പൊലിഞ്ഞുപോയ സൂപ്പർ താരത്തിന്റെ ചിത്രത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്ന ഫോട്ടോയും ഇതോടൊപ്പമുണ്ട്.
പുനീത് ഗാരുവിന് എന്റെ എളിയ ആദരവ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ആരാധകർക്കും എന്റെ ആദരവ് എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. 46 വയസ്സായിരുന്നു.