ഇനി രക്തപരിശോധനയിലൂടെയും അൽഷിമേഴ്സ് രോഗം കണ്ടെത്താം

ഇനി രക്തപരിശോധനയിലൂടെയും അൽഷിമേഴ്സ് രോഗം കണ്ടെത്താം. രോഗം വരാനുള്ള സാധ്യത ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മൂന്നര വർഷം മുമ്പ് അറിയാൻ കഴിയും എന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാ രീതിയുടെ പ്രത്യേകത. ബ്രെയിൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തലച്ചോറിലെ പുതിയ കോശങ്ങളുടെ രൂപീകരണത്തിൽ രക്തത്തിലെ പദാർത്ഥങ്ങൾ പങ്ക് വഹിക്കുന്നു. ഈ പ്രക്രിയയെ ന്യൂറോജെനിസിസ് എന്ന് വിളിക്കുന്നു. പഠിക്കാനും ഓർമ്മിക്കാനും സഹായിക്കുന്ന തലച്ചോറിന്‍റെ ഭാഗമായ ഹിപ്പോകാമ്പസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന്‍റെ പ്രാരംഭ ഘട്ടം ഹിപ്പോകാമ്പസിലെ പുതിയ കോശങ്ങളുടെ രൂപീകരണത്തെ ബാധിക്കുന്നു. നേരിയ മെമ്മറി നഷ്ടം കാണിക്കാൻ തുടങ്ങിയ 56 പേരുടെ രക്തം വർഷങ്ങളോളം തുടർച്ചയായി പരിശോധിച്ചു. 36 പേർക്ക് പിന്നീട് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചു. അവരുടെ രക്തപരിശോധനയിൽ കോശവളർച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് 3.5 വർഷം മുമ്പാണ് ഈ മാറ്റങ്ങൾ കണ്ടെത്തിയത്.

Related Posts