രാഷ്ട്രീയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് അമരിന്ദർ സിങ്ങ്

സ്വന്തം രാഷ്ട്രീയ പാർട്ടി ഉടൻ രൂപീകരിക്കുമെന്നും കർഷക പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി യുമായും വിമത അകാലി വിഭാഗങ്ങളുമായും യോജിച്ച് സീറ്റ് ധാരണയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന റവീൺ തുക്രാലാണ് അമരിന്ദറിനെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തത്. പഞ്ചാബിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് താൻ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. പ്രഖ്യാപനം ഉടനുണ്ടാകും. ഒരു വർഷത്തിലേറെയായി നടന്നു വരുന്ന കർഷക സമരത്തിന് പരിഹാരം കണ്ടെത്താനും താൻ ശ്രമിക്കും. കർഷകരുടെ താത്പര്യം സംരക്ഷിച്ച് സമരം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യുമായി സീറ്റ് ധാരണയിലെത്തി ഒന്നിച്ച് മത്സരിക്കും. ധിൻഡ്സ, ഭ്രംപുര തുടങ്ങിയ വിഘടിത അകാലി വിഭാഗങ്ങളുമായും ധാരണയിൽ എത്താൻ ശ്രമിക്കും. പഞ്ചാബിൻ്റെ ഭാവിക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണെന്നും അമരിന്ദർ സിങ്ങ് ട്വീറ്റിൽ പറയുന്നു.

കോൺഗ്രസ് വിട്ടതായി അമരിന്ദർ സിങ്ങ് ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബ് പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള നവ്ജോത് സിങ്ങ് സിദ്ദുവിന്റെ കടന്നുവരവോടെയാണ് നാലു പതിറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്ന് അകലുന്നത്.

Related Posts