ആമസോണിന് 202 കോടി പിഴ; ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട് മരവിപ്പിച്ചു
ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ ഓഹരികൾ ഏറ്റെടുക്കാൻ ആമസോൺ കരാറിനുള്ള രണ്ട് വർഷത്തിലേറെ പഴക്കമുള്ള അംഗീകാരം മരവിപ്പിച്ച് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). വസ്തുതകൾ മറച്ചുവെച്ചതിന് 202 കോടി രൂപയാണ് ആമസോണിന് പിഴ ചുമത്തിയിരിക്കുന്നത്.
2019-ൽ റെഗുലേറ്ററി അംഗീകാരങ്ങൾ നേടുന്നതിനായി തെറ്റായ പ്രസ്താവനകളാണ് കമ്പനി നടത്തിയതെന്ന കണ്ടെത്തലിൻ്റെ വെളിച്ചത്തിലാണ് കരാറിനുള്ള അംഗീകാരം മരവിപ്പിക്കലും പിഴ ചുമത്തലും.
ആമസോൺ-ഫ്യൂച്ചർ ഇടപാടിനുള്ള അംഗീകാരം മരവിപ്പിക്കുന്നതായി 57 പേജുള്ള ഉത്തരവിൽ സിസിഐ പറഞ്ഞു. വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ റീറ്റെയ്ലറായ മുകേഷ് അംബാനിയുടെ റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്‌സുമായി ഫ്യൂച്ചർ ഗ്രൂപ്പ് 24,713 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെച്ചൊല്ലി ആമസോൺ നടത്തുന്ന നിയമപോരാട്ടത്തിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്.