ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രണ്ടാം പതിപ്പല്ല, 'മെയ്ഡ് ഇൻ ഇന്ത്യ'യുടെ വിൽപ്പനക്കാർ, പാഞ്ചജന്യത്തിന് മറുപടിയുമായി ആമസോൺ
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രണ്ടാം പതിപ്പാണ് ആമസോൺ എന്ന ആരോപണത്തിന് മറുപടി നൽകി ഇ കൊമേഴ്സ് മേഖലയിലെ അതികായരായ ആമസോൺ. കോടിക്കണക്കായ 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങളാണ് ലോകമെങ്ങുമുളള ഉപയോക്താക്കൾക്കായി തങ്ങൾ എത്തിക്കുന്നതെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആർ എസ് എസ് ബന്ധമുള്ള പാഞ്ചജന്യം വാരികയുടെ പുതിയ ലക്കത്തിലാണ് ആമസോണിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രണ്ടാം പതിപ്പെന്ന് വിമർശിക്കുന്നത്.
പുറത്തിറങ്ങാനിരിക്കുന്ന ലക്കത്തിൽ ആമസോണിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് പാഞ്ചജന്യം ഉയർത്തുന്നത്. ഇന്ത്യൻ വിപണിയിൽ ആധിപത്യം ചെലുത്താനാണ് അമേരിക്കൻ കമ്പനിയുടെ ശ്രമമെന്നും പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യം പിടിച്ചടക്കാൻ ശ്രമിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രണ്ടാം പതിപ്പാണ് ആമസോണെന്നും വാരിക ആരോപിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിന് കളങ്കം സൃഷ്ടിക്കുന്ന ഉള്ളടക്കമാണ് ആമസോൺ പ്രൈമിലൂടെ പ്രദർശിപ്പിക്കുന്ന സിനിമകൾക്കും സീരീസുകൾക്കും ഉള്ളതെന്ന വിമർശനവും ഉണ്ട്. ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യങ്ങൾ അടിയറവെപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്നും വാരിക ആരോപിക്കുന്നു.
കൊവിഡ് കാലത്ത് മാത്രം 3 ലക്ഷം പുതിയ വിൽപ്പനക്കാരാണ് രജിസ്റ്റർ ചെയ്തതെന്ന് മറുപടി പ്രസ്താവനയിൽ ആമസോൺ പറയുന്നു. അതിൽത്തന്നെ 75, 000 ത്തോളം ചെറുകിട ഷോപ്പുകളാണ്. രാജ്യത്തെ 450 ലേറെ നഗരങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് കച്ചവടക്കാരാണ് ആമസോണിലൂടെ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നത്. ഫർണീച്ചറുകൾ, സ്റ്റേഷനറി ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, മൊബൈൽ ഫോണുകൾ, തുണിത്തരങ്ങൾ, മരുന്നുകൾ തുടങ്ങി കോടിക്കണക്കിന് 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങളാണ് ആമസോണിലൂടെ 200 ൽപ്പരം രാജ്യങ്ങളിലേക്ക് എത്തുന്നതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.