വൈറലായത് പണിയായി; കല്യാണം കഴിഞ്ഞ് പാട്ടും സൈറണും മുഴക്കി നവദമ്പതികളുടെ ആംബുലൻസ് യാത്ര; വണ്ടി കസ്റ്റഡിയിൽ

വിവാഹ ശേഷം പാട്ടും സൈറണും മുഴക്കി വരന്റേയും വധുവിന്റെയും ആഘോഷയാത്ര. ആംബുലൻസിലെ ആഘോഷയാത്ര കാണാൻ റോഡിനരികെ നാട്ടുകാർ തടിച്ചുകൂടി. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മോട്ടോര്‍വാഹനവകുപ്പ് വാഹനം കസ്റ്റഡിയിലെടുത്തു. അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച കായംകുളം കറ്റാനത്താണ് സംഭവമുണ്ടാകുന്നത്. ആംബുലന്‍സ് ഡ്രൈവറായ വരനും വധുവും വിവാഹം ശേഷം കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആംബുലൻസിൽ ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്. ഈ അപൂർവ കാഴ്ച കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു. അങ്ങനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായത് പണിയായി.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ട്രാൻസ്പോർട്ട് കമ്മീഷണർ നടപടിക്കു നിർദേശം നൽകുകയായിരുന്നു.

കറ്റാനം വെട്ടിക്കോട് മനു വർഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആർ ടി ഒ ജി എസ് സജി പ്രസാദ് നോട്ടിസ് നൽകി. രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കാതിരിക്കാൻ ഉടമയ്ക്കും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഡ്രൈവർക്കും കാരണം കാണിക്കൽ നോട്ടിസും നൽകി. കൂട്ടത്തിലുള്ള ആംബുലൻസ് ഡ്രൈവറുടെ വിവാഹ ആവശ്യത്തിനാണ് ആംബുലൻസ് ഉപയോഗിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.

Related Posts