'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; മുന്നറിയിപ്പുമായി അമേരിക്ക
ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരവാദവും വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ സുരക്ഷയെക്കുറിച്ച് അതീവ ജാഗ്രത പുലർത്തണമെന്ന് യുഎസ് അഭ്യർത്ഥിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ പുതിയ യാത്രാ ഉപദേശം അനുസരിച്ച്, കിഴക്കൻ ലഡാക്ക് മേഖല, ലേ തുടങ്ങിയ പ്രദേശങ്ങൾ ഒഴികെ ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യ-പാക് അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സംഘർഷത്തിന് സാധ്യതയുണ്ട്. ഇന്ത്യയിൽ ബലാത്സംഗ കേസുകളിൽ അതിവേഗം വർദ്ധനവുണ്ടായതായി റിപ്പോർട്ടുകളുണ്ട്, നിർദ്ദേശത്തില്‍ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. മഹാരാഷ്ട്രയുടെ കിഴക്ക് മുതൽ തെലങ്കാനയുടെ വടക്ക് വരെയുള്ള ഉൾപ്രദേശങ്ങളിലേക്കുള്ള അവശ്യ സേവനങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരോടും പ്രത്യേക അനുമതി വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.