ഇന്ത്യക്ക് സഹായവുമായി അമേരിക്ക.

കൊവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം ചെയ്തുവെന്ന് യുഎസ്.

വാഷിംങ്ടണ്‍:

ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിച്ചു.

ഇതുവരെ അമേരിക്കന്‍ സര്‍ക്കാർ, ഫെഡറല്‍ സര്‍ക്കാറുകള്‍, അമേരിക്കന്‍ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്, വൈറ്റ് ഹൗസില്‍ ബുധനാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്കി വ്യക്തമാക്കി.

ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചു കഴിഞ്ഞു. ഇതില്‍ ആരോഗ്യ ഉപകരണങ്ങള്‍, മെഡിക്കല്‍ ഓക്സിജന്‍, മാസ്കുകള്‍, ടെസ്റ്റ്കിറ്റുകള്‍, മരുന്നുകള്‍ ഇവ ഉള്‍പ്പെടുന്നു വൈറ്റ് ഹൗസ് അറിയിച്ചു.

ഇതിന് പുറമേയാണ് വിവിധ ലോക രാജ്യങ്ങള്‍ക്കായി 8 കോടി ഡോസ് വാക്സിനുകള്‍ നല്‍കാനുള്ള നീക്കവും അമേരിക്കയില്‍ നടക്കുന്നത്. ഇതില്‍ 6 കോടി വാക്സിന്‍ ആസ്ട്ര സെനിക്ക വാക്സിനായിരിക്കും. ബാക്കി 2 കോടി വാക്സിനുകള്‍ ഇന്ത്യ അംഗീകരിച്ച മറ്റ് വിദേശ വാക്സിനുകളായിരിക്കും നല്‍കുക. ഇവയുടെ വിതരണം എങ്ങനെ വേണം എന്നതില്‍ അമേരിക്കയിലെ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Related Posts