അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക; ഇന്ത്യക്കാരുൾപ്പെടെ 65 മരണം
ന്യൂയോർക്ക്: യുഎസിൽ അതിശൈത്യത്തിൽ മരണം 65 കടന്നു. മൂന്ന് ഇന്ത്യക്കാരും യുഎസിലെ കൊടുംതണുപ്പിൽ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 28 ആയി. ശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ വലയുകയാണ്. വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്. ഇതേത്തുടർന്ന് യാത്രക്കാർ രണ്ട് ദിവസം വരെ വിമാനത്താവളങ്ങളിൽ തങ്ങാൻ നിർബന്ധിതരാവുകയാണ്. കൊടുംതണുപ്പിൽ വലയുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥനയെ തുടർന്നാണ് പ്രസിഡന്‍റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോർക്കിനും ബഫല്ലോ നഗരത്തിനും ഈ നീക്കം ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ വാഹനങ്ങൾക്കുള്ളിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തകർ ഇനിയും പലയിടത്തും എത്തിയിട്ടില്ല. നിരവധി പേർ ഇപ്പോഴും പലയിടത്തും കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. തകരാറിലായ വൈദ്യുതി വിതരണം ഇനിയും പൂർണമായി പുനഃസ്ഥാപിക്കാത്തതിനാൽ പല വീടുകളും ഇരുട്ടിലാണ്. ഇതിനിടയിൽ വീടുകൾക്കുള്ളിൽ താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. മഞ്ഞുവീഴ്ചയുടെ മറവിൽ വ്യാപകമായ കൊള്ള നടന്നതായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ ബഫല്ലോയിലെ ഒരു കട തകർത്ത് അര ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മോഷ്ടിച്ചുവെന്നാണ് കടയുടമയുടെ പരാതി. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.