റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: യുക്രൈനിലെ വിമത പ്രദേശങ്ങൾ റഷ്യയുമായി കൂട്ടിച്ചേർക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി. വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അപലപിച്ച് റഷ്യയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. യുക്രൈൻ അതിർത്തികളെ താൻ എല്ലായ്പ്പോഴും ബഹുമാനിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎസ് ട്രഷറി വകുപ്പ് വെള്ളിയാഴ്ചയാണ് ഉപരോധം പ്രഖ്യാപിച്ചത്. 300 ഓളം ഉദ്യോഗസ്ഥരെയാണ് ഉപരോധത്തിന് ഇരയാക്കിയത്. റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർക്കെതിരെ ഉൾപ്പെടെയാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചവരുമായി അമേരിക്കൻ പൗരൻമാർ വ്യാപാരം നടത്തുന്നത് ഈ നീക്കം നിയമവിരുദ്ധമാക്കും. ഉപരോധം പ്രഖ്യാപിച്ചവരുടെ സ്വത്തുക്കൾ മരവിപ്പിച്ചു. റഷ്യയുടെ സൈനിക, വ്യാവസായിക മേഖലയെ കൂടുതൽ ദുർബലപ്പെടുത്താനാണ് ഉപരോധമെന്ന് അമേരിക്ക പറയുന്നു. യുക്രൈനിലെ റഷ്യയുടെ അധിനിവേശവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 900 ഓളം പേരെയും വിസ നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുക്രൈന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള റഷ്യയുടെ വഞ്ചനാപരമായ ശ്രമങ്ങളെ അപലപിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. യുക്രൈൻ അധിനിവേശത്തിന് ശേഷം, റഷ്യ ലോകത്തിലെ ഏറ്റവും ഉപരോധമുള്ള രാജ്യമായി മാറി. നേരത്തെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.

Related Posts