മുന്നൂറോളം നഗ്നരായ മനുഷ്യരെ അണിനിരത്തി ആർട്ട് ഇൻസ്റ്റലേഷനുമായി അമേരിക്കൻ കലാകാരൻ

മൃതപ്രായമായ ചാവുകടലിന്റെ ദൈന്യതയിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാൻ നൂറുകണക്കിന് മനുഷ്യർ നഗ്നരായിനിന്ന് ആർട്ട് ഇൻസ്റ്റലേഷൻ തീർത്തു. ഇസ്രായേൽ നഗരമായ അറാദിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലാണ് മുന്നൂറോളം സ്ത്രീപുരുഷന്മാർ പൂർണ നഗ്നരായി നിരന്നുനിന്ന് ആർട്ട് ഇൻസ്റ്റലേഷൻ ഒരുക്കിയത്. അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ടൂണിക്കാണ് ഇൻസ്റ്റലേഷൻ ആശയം യാഥാർഥ്യമാക്കിയത്. ഇസ്രായേൽ ടൂറിസം മന്ത്രാലയമാണ് പരിപാടി സ്പോൺസർ ചെയ്തത്.

ശരീരമാസകലം വെളുത്ത നിറത്തിലുള്ള ചായം പൂശിയാണ് സന്നദ്ധ പ്രവർത്തകർ പോസ് ചെയ്തത്. ചിത്രീകരണം മൂന്നു മണിക്കൂർ നീണ്ടുനിന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാവുകടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാൻ പ്രദർശനത്തിലൂടെ കഴിഞ്ഞതായി സംഘാടകർ അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമായ ചാവുകടലിന്റെ വിസ്തൃതി നാൾക്കുനാൾ കുറഞ്ഞുവരികയാണ്. ഇസ്രായേലിൽ കൊവിഡിനെ തുടർന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുകയാണ്. ചാവുകടലിന്റെ പൗരാണിക മഹിമയിലേക്ക് സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാൻ ഇൻസ്റ്റലേഷൻ പ്രോജക്റ്റു കൊണ്ടാകും എന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ന്യൂഡായി ആൾക്കൂട്ടങ്ങളെ അണിനിരത്തിയുളള നിരവധി പ്രദർശനങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച അമേരിക്കൻ കലാകാരനാണ് സ്പെൻസർ ടൂണിക്. 2018-ൽ മെൽബണിലും അതിനു മുമ്പ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും ചിലിയിലും മെക്സിക്കോയിലുമെല്ലാം സമാനമായ പ്രദർശനങ്ങൾ ടൂണിക് ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് പത്തുവർഷം മുമ്പ് ചാവുകടൽ വിഷയമാക്കി സമാനമായ രീതിയിൽ ഒരു ന്യൂഡ് ഇൻസ്റ്റലേഷൻ അദ്ദേഹം ഒരുക്കിയിരുന്നു.

Related Posts