ഉപരോധങ്ങളിൽ കുലുങ്ങാതെ റഷ്യൻ ജനത, നാറ്റോ ഇടപെടൽ വേണമെന്ന് അമേരിക്കക്കാർ; സർവേ ഫലങ്ങൾ പുറത്ത്

പാശ്ചാത്യ രാജ്യങ്ങൾ കൊണ്ടുവന്ന സാമ്പത്തിക ഉപരോധങ്ങളെ റഷ്യൻ ജനത അചഞ്ചലരായി നോക്കിക്കാണുന്നുവെന്ന് സർവേ. ഉക്രയ്‌നിൽ വെടിനിർത്തൽ നടപ്പിലാക്കാനും യുദ്ധം അവസാനിപ്പിക്കാനും പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുറത്തുവന്ന ജനകീയ സർവേ ഫലം കാണിക്കുന്നത് റഷ്യൻ ജനത ഉപരോധങ്ങളെ തെല്ലും ഭയക്കുന്നില്ല എന്നതാണ്. എന്നാൽ ആഭ്യന്തര യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ തുടർന്നാൽ വരും ആഴ്‌ചകളിൽ അഭിപ്രായങ്ങൾ മാറിയേക്കാമെന്ന് ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോണിങ്ങ് കൺസൾട്ട് പറഞ്ഞു. തങ്ങളുടെ രാജ്യം പൊതുവെ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഭൂരിഭാഗം റഷ്യക്കാരും കരുതുന്നതായി സർവേ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ഭൂരിഭാഗം ജനങ്ങളും റഷ്യയുടെ ഉക്രയ്ൻ അധിനിവേശത്തിൽ രോഷാകുലരാണെന്ന് അവിടെ നടത്തിയ സർവേ കാണിക്കുന്നു. റഷ്യൻ ഉപരോധത്തെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുണ്ട്. സ്വിഫ്റ്റ് സാമ്പത്തിക ശൃംഖലയിൽ നിന്ന് മോസ്കോയെ വിച്ഛേദിച്ചതും നോർഡ് സ്ട്രീം 2 പൈപ്പ്ലൈൻ റദ്ദാക്കിയതും ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നു. നാറ്റോ സഖ്യത്തിന്റെ ഭാഗമായി കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനോടും അമേരിക്കൻ ജനതയ്ക്ക് എതിർപ്പില്ലെന്നാണ് സർവേ പറയുന്നത്. എന്നാൽ ഏകപക്ഷീയമായ അമേരിക്കൻ സൈനിക വിന്യാസത്തെ ഭൂരിഭാഗവും പിന്തുണയ്ക്കുന്നില്ല.

Related Posts