തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ തീവ്രവാദത്തെ ബന്ധിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദത്തെക്കാൾ വലിയ ഭീഷണി ഭീകരവാദത്തിന് ധനസഹായം നൽകുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനുള്ള ധനസഹായത്തെ തടയുന്നത് സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഭീകരവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്. എന്നിരുന്നാലും, ഭീകരവാദത്തിന് ധനസഹായം നൽകുന്നത് ഭീകരവാദത്തിന്‍റെ ഉദ്ദേശ്യവും മാർഗങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. ഭീകരവാദത്തിന് ധനസഹായം നൽകുന്നത് ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധിപ്പിക്കാൻ കഴിയില്ല, പാടില്ല." -അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങൾക്ക് പുറമെ സുരക്ഷാ സംവിധാനത്തിലും രാജ്യം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, തീവ്രവാദത്തിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്താനും തടസ്സപ്പെടുത്താനും ചില രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. "ചില രാജ്യങ്ങൾ തീവ്രവാദികളെ സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്നു. തീവ്രവാദികളെ സംരക്ഷിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത്തരം ഘടകങ്ങൾ വിജയിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.