വിരാട് അതിശക്തൻ, താൻ അശു; തൻ്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കോലിയുടേതുമായി താരതമ്യം ചെയ്ത് അമിതാഭ് ബച്ചൻ
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ കാര്യത്തിൽ വിരാട് കോലിയുടെ അടുത്തൊന്നും നിൽക്കാൻ തനിക്കാവില്ലെന്ന് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. വിരാട് അതിശക്തനാണ്. വിരാടിന് 160 മില്യണിലേറെ അനുയായികളുണ്ട്. തനിക്കുള്ളത് കേവലം 29 മില്യൺ അനുയായികൾ മാത്രം-ഇൻസ്റ്റയിൽ ബച്ചൻ കുറിച്ചു.
ടക്സീഡൊ ധരിച്ചുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രസകരമായ കുറിപ്പ് ബച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവളാണ് എനിക്കിത് സമ്മാനിച്ചത്, ധരിച്ചു നോക്കാൻ പറഞ്ഞ്. ഞാനത് അതേപടി ചെയ്തു. സത്യം പറഞ്ഞാൽ, അതാണ് ഈ പോസ്റ്റിന് പിന്നിലെ കഥ. സത്യത്തിൽ സത്യമായ കാര്യം. പക്ഷേ നമ്പറുകൾ ഇപ്പോഴും പിടി തരാതെ നിൽക്കുകയാണ്. ഉയരത്തിൽ കരുത്തിൽ മുമ്പനായി, 160 മില്യൺ പ്ലസിൽ എവിടെയോ വിരാട്, എന്നാൽ എന്നെ നോക്കൂ, കഷ്ടി 29 മില്യൺ, ടക്സടക്കം എല്ലാം ഉണ്ടായിട്ടും!!! ബച്ചൻ്റെ തമാശ കലർന്ന വാക്കുകളോട് ആരാധകരുടെ പ്രതികരണവും രസകരമാണ്. 29 മില്യൺ അത്ര ചെറുതല്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം. 29.2 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ബച്ചനുള്ളത്, കോലിക്കാകട്ടെ 172 മില്യണും.