ഷർട്ടിൽ മുഴുവൻ സിനിമാ പേരുകൾ, കാറിൽ മാസ് ഡയലോഗുകൾ; ആരാധകന്റെ സ്നേഹത്തിൽ അമ്പരന്ന് അമിതാഭ് ബച്ചൻ
ഇട്ടിരിക്കുന്ന ഷർട്ടിൽ മുഴുവൻ ബിഗ് ബി സിനിമകളുടെ പേരുകൾ. പുതിയതായി വാങ്ങിയ കാറിൽ അകത്തും പുറത്തും അമിതാഭ് ബച്ചൻ സിനിമകളിലെ സംഭാഷണങ്ങൾ പെയ്ന്റ് ചെയ്തു വെച്ചിരിക്കുന്നു. സൗണ്ട് സിസ്റ്റം ഓണാക്കിയാൽ ഘനഗംഭീര ശബ്ദത്തിലുള്ള സീനിയർ ബച്ചന്റെ മാസ് ഡയലോഗുകൾ. ആരാധകന് തന്നോടുള്ള ഭ്രാന്തമായ സ്നേഹം കണ്ട് അമ്പരന്നു പോയിരിക്കുകയാണ് സാക്ഷാൽ അമിതാഭ് ബച്ചൻ. ഇൻസ്റ്റഗ്രാമിലൂടെ ബച്ചൻ തന്നെയാണ് ആരാധനയുടെ ന്യൂജൻ അവസ്ഥാന്തരങ്ങൾ വെളിവാക്കി കൊണ്ടുള്ള പോസ്റ്റ് ഇട്ടത്.
"എന്റെ സിനിമകളിലെ ഡയലോഗുകളാണ് കാറു മുഴുവൻ അദ്ദേഹം പെയ്ന്റ് ചെയ്തു വെച്ചിരിക്കുന്നത്...
ഷർട്ടിൽ എന്റെ എല്ലാ സിനിമകളുടെയും പേരുകൾ പ്രിന്റ് ചെയ്തിട്ടുണ്ട്...
സൗണ്ട് സിസ്റ്റം ഓണാക്കിയാൽ എന്റെ സിനിമകളിലെ ഡയലോഗുകൾ പ്ലേ ചെയ്യാൻ തുടങ്ങും...
ഇത് വളരെ അത്ഭുതകരമാണ്...
പുതിയ 'കാർ' വാങ്ങി, ഡാഷ് ബോർഡിൽ ഞാൻ ഒപ്പിടുന്നതുവരെ അദ്ദേഹമത് ഓടിക്കാൻ കാത്തിരുന്നു...
ഞാൻ ഒപ്പുവെച്ചു... "എന്നാണ് ബച്ചന്റെ ഇൻസ്റ്റഗ്രാം.
ആരാധകന് ഒപ്പം നിന്നുകൊണ്ടുള്ള കാറിന്റെ ചിത്രവും ബിഗ് ബി പങ്കുവെച്ചു.
മൂന്ന് ലക്ഷത്തിലേറെ ലൈക്കുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം അർഹിക്കുന്ന സ്നേഹവും ആരാധനയുമാണ് ഇതെന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്. പ്രശസ്ത മലയാളി നടൻ ജോജു ജോർജും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു, സർ എന്നാണ് ജോജുവിന്റെ പ്രതികരണം.