80-ലേക്ക് കടക്കുന്നതായി അമിതാഭ് ബച്ചൻ, 79-ാം പിറന്നാളെന്ന് മകൾ ശ്വേതയുടെ "തിരുത്ത് "
ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം അമിതാഭ് ബച്ചൻ പിറന്നാൾ ആഘോഷത്തിൽ. താൻ 80 ലേക്ക് കടക്കുന്നതായി താരം തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. "വോക്കിങ്ങ് ഇൻറ്റു ദി എയ്റ്റിയത്ത് " എന്ന തലക്കെട്ടോടെ ചുറുചുറുക്കോടെ നടന്നു നീങ്ങുന്ന തൻ്റെ ചിത്രങ്ങളുടെ ഒരു കൊളാഷ് വർക്കാണ് പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ബച്ചൻ പങ്കുവെച്ചത്. കമൻ്റ് സെക്ഷനിൽ മകൾ ശ്വേതയുടേതായി വന്ന പ്രതികരണമാണ് താരത്തിൻ്റേത് 80-ാം പിറന്നാളല്ല, മറിച്ച് 79-ാം പിറന്നാളാണെന്ന് വ്യക്തമാക്കിയത്.
രസകരമായ കാര്യം ബച്ചനും ശ്വേതയും പറഞ്ഞത് ഒന്നുതന്നെയാണ് എന്ന പ്രതികരണമാണ് ആരാധകരുടേതായി വരുന്നത്. 79 എന്ന ശ്വേതയുടെ പ്രതികരണവും 80-ലേക്ക് എന്ന ബിഗ് ബി യുടെ വെളിപ്പെടുത്തലും ഒന്നുതന്നെയാണെന്ന് ആരാധകർ പറയുന്നു. എന്തായാലും ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന വ്യക്തിത്വത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.
1942 ഒക്ടോബർ 11 നാണ് അമിതാഭ് ശ്രീവാസ്തവ എന്ന സീനിയർ ബച്ചൻ്റെ ജനനം. എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ നിറഞ്ഞുനിന്ന താരം നൂറുകണക്കിന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു ദശാബ്ദക്കാലമായി ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ്. മികച്ച നടനുള്ള ദേശീയ അവാർഡ് നാലു തവണ നേടിയിട്ടുണ്ട്. ആജീവനാന്ത സംഭാവനയ്ക്കുള്ള ദാദാസാഹബ് ഫാൽക്കെ അവാർഡും നേടി. 16 തവണയാണ് ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയത്. 1984 ൽ പദ്മശ്രീയും 2001 ൽ പദ്മഭൂഷണും 2015 ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.