വുഹാനിലെ സിറ്റിസൺ ജേണലിസ്റ്റ് ജോങ് സാൻ അത്യാസന്ന നിലയിലെന്ന് ആംനസ്റ്റി, ജയിൽ മോചനത്തിനായി മുറവിളി

ചൈനയിലെ വുഹാൻ നഗരത്തിൽ കൊവിഡ് റിപ്പോർട്ടിങ്ങിനിടെ സർക്കാർ ജയിലിലടച്ച സിറ്റിസൺ ജേണലിസ്റ്റ് ജോങ് സാൻ അത്യാസന്ന നിലയിലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തിയതിന് നാലുകൊല്ലം ജയിൽ ശിക്ഷ വിധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജയിലിനുളളിൽ നിരാഹാര സമരം നടത്തുകയാണ് ജോങ് സാൻ.

38 വയസ്സുള്ള ജോങ് സാൻ ഒരു അഭിഭാഷകയാണ്. ഹോങ്കോങ്ങിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അവർ പിന്തുണച്ചിരുന്നു. 2020 ഫെബ്രുവരിയിൽ വുഹാനിൽ കൊവിഡ് പടർന്നു പിടിച്ചപ്പോൾ സ്മാർട് ഫോണിലൂടെ ദൃശ്യങ്ങളും വീഡിയോകളും പകർത്തിയും വാർത്തകൾ റിപ്പോർട്ട് ചെയ്തും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചൈനീസ് സർക്കാരിന്റെ കണ്ണിലെ കരടായതോടെ 2020 മെയിലാണ് ജോങ് അറസ്റ്റിലാവുന്നത്. ഡിസംബറിൽ നാലുവർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ജയിലിൽ വെച്ചാണ് അവർ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.

മണിപ്പൂരിൽ സേനയുടെ പ്രത്യേക അധികാരത്തിനെതിരെ ഇറോം ഷർമിള എന്ന വനിത നിരാഹാരം നടത്തിയത് 16 വർഷമാണ്. മൂക്കിലൂടെ ട്യൂബിട്ട് അവശ്യവസ്തുക്കൾ നൽകിയാണ് ഷർമിളയുടെ ജീവൻ നിലനിർത്തിയിരുന്നത്. സമാനമാണ് ജോങ് സാനിന്റെ സ്ഥിതിയും. നിർബന്ധപൂർവം ബലം പ്രയോഗിച്ച് മൂക്കിലൂടെ നൽകുന്ന അവശ്യ വസ്തുക്കളിലൂടെയാണ് സാനിന്റെ ജീവൻ നിലനിർത്തുന്നത്.

ശൈത്യകാലം അടുത്തതോടെ സാനിന്റെ ആരോഗ്യനില അതീവ ഗുരുതരമായെന്ന് സഹോദരൻ ജു ജോങ് ആണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. അതോടെയാണ് അവരുടെ ജീവൻ രക്ഷിക്കണമെന്ന മുറവിളി ഉയരാൻ തുടങ്ങിയത്.

Related Posts