യാത്രക്കാരിൽ മാഫിയാ തലവന്റെ മകൻ; മെക്സിക്കോയിൽ യാത്രാ വിമാനത്തിന് നേരെ വെടിവെപ്പ്
മെക്‌സിക്കോ: മയക്കുമരുന്ന് മാഫിയ നേതാവിന്‍റെ മകനെ കയറ്റിയ മെക്സിക്കൻ എയർലൈൻസ് വിമാനത്തിന് നേരെ വെടിവെപ്പ്. മെക്സിക്കോയിലെ കുലിയാക്കന്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവർ വെടിവെപ്പിൽ പരിഭ്രാന്തരായി. എന്നാൽ ആർക്കും പരിക്കേറ്റില്ല. വെടിവെപ്പിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. വിമാനത്താവളവും ഒരു ദിവസത്തേക്ക് അടച്ചു. മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ജോക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സിനലോവയിൽ നിന്ന് മെക്സിക്കൻ സിറ്റിയിലേക്ക് കൊണ്ടുപോവാനാണ് ഇയാളെ മെക്‌സിക്കന്‍ എയര്‍ലൈനിന്റെ വിമാനത്തില്‍ കയറ്റിയത്. വിമാനത്താവളത്തിൽ വച്ച് ഈ വിമാനത്തിന് നേരെ മയക്കുമരുന്ന് മാഫിയ ആക്രമണം നടത്തുകയായിരുന്നു. വിമാനം പറന്നുയരാൻ ഒരുങ്ങുമ്പോഴാണ് വെടിയുതിർത്തത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.