അമൃത്‌പാൽ സിംഗ് പോലീസ് കസ്റ്റഡിയിൽ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് ഇമാൻ സിംഗ് ഖാര

ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതായി സംഘടനയുടെ നിയമ ഉപദേഷ്ടാവ്. 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ നിയമ ഉപദേഷ്ടാവ് ഇമാൻ സിംഗ് ഖാരയാണ് അമൃത്പാൽ സിംഗിനെ പഞ്ചാബിലെ ഷാകോട്ട് പോലീസ് അറസ്റ്റ് ചെയ്തതായി അവകാശപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാനുള്ള നീക്കം നടന്നതായും ഇമാൻ ആരോപിച്ചു. അമൃത്പാൽ സിങ്ങിനായി ഇമാൻ സിംഗ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ഹർജിയിൽ പഞ്ചാബ് പോലീസിനോട് ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്. അമൃത്പാൽ സിംഗിനെ ജലന്ധറിനടുത്തുള്ള ഷാകോട്ടിൽ നിന്ന് പഞ്ചാബ് പോലീസ് നിയമവിരുദ്ധമായും ബലംപ്രയോഗിച്ചും കസ്റ്റഡിയിൽ എടുത്തതായി പരാതിയിൽ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു. അമൃത്പാലിന്‍റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. എന്നാൽ, വൻ പോലീസ് സന്നാഹത്തെ വെട്ടിച്ച് അമൃത്പാൽ അസമിലേക്ക് കടന്നതായാണ് ഔദ്യോഗിക വിശദീകരണം. കസ്റ്റഡിയിലുള്ള ഇയാളുടെ നാല് സഹായികളുമായി പഞ്ചാബ് പോലീസ് അസമിലെത്തി. കഴിഞ്ഞ ദിവസം അമൃത്പാലിന്‍റെ വാഹനവ്യൂഹവും അമ്പതോളം പേരടങ്ങുന്ന പോലീസ് സംഘവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും ഏറ്റുമുട്ടലിനിടയിൽ ഇയാൾ രക്ഷപെട്ടുവെന്നാണ് വിവരമെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല.