അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; രാജ്യം വിടാൻ ശ്രമിക്കുന്നുവെന്ന് സൂചന

ന്യൂഡൽഹി: പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ നിലപാട് ഉയർത്തിപ്പിടിക്കുന്ന 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ നേതാവ് അമൃത്പാലിനെ പിടികൂടാനുള്ള ശ്രമങ്ങൾ പഞ്ചാബ് പോലീസ് തുടരുന്നതിനിടെയാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അമൃത്പാൽ സിങ്ങിന്‍റെ വീട്ടിൽ പഞ്ചാബ് പൊലീസ് നാലു മണിക്കൂറോളം പരിശോധന നടത്തി. അതേസമയം, പഞ്ചാബിലും സമീപ പ്രദേശങ്ങളിലും പോലീസ് വല വിരിച്ചതോടെ അമൃത്പാൽ സിങ് രാജ്യം വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനായി നിരവധി ഖാലിസ്ഥാൻ അനുകൂലികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ നേപ്പാൾ വഴി കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണ് വിവരം. പഞ്ചാബിലുടനീളം നാളെ 12 മണി വരെ ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ മേഹത്പൂരിൽ പഞ്ചാബ് പോലീസ് വാഹനവ്യൂഹത്തെ തടഞ്ഞെങ്കിലും അമൃത് പാൽ രക്ഷപ്പെട്ടു. പൊലീസ് വാഹനങ്ങൾ പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്‍റെ അനുയായികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അമൃത്പാലിന്‍റെ ജന്മസ്ഥലമായ അമൃത്സറിലെ ജല്ലുപുർ ഖേഡയിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്.

Related Posts