യുദ്ധമുഖത്തുനിന്ന് 1000 കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച 11 കാരൻ സുരക്ഷിതനായി സ്ലൊവാക്യയിൽ

യുദ്ധം കൊടുമ്പിരി കൊളളുന്ന ഉക്രയ്നിൽ നിന്ന് 11 കാരൻ മകനെ അയൽരാജ്യമായ സ്ലൊവാക്യയിലേക്ക് തീവണ്ടികേറ്റി വിടുമ്പോൾ ആ അമ്മയുടെ മനസ്സിൽ തീയായിരുന്നു. നിസ്സഹായതയിൽ വീർപ്പുമുട്ടിയ അമ്മയ്ക്ക് മുന്നിൽ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. രോഗിയായ ബന്ധുവിനെ പരിചരിക്കാൻ അവർ മാത്രമേ ഉള്ളൂ എന്നതുകൊണ്ട് മകനൊപ്പം പോകാൻ അവർക്ക് ആവുമായിരുന്നില്ല.

സകല ധൈര്യവും സംഭരിച്ച് ആയിരക്കണക്കിന് അഭയാർഥികൾ തിങ്ങി നിറഞ്ഞ തീവണ്ടിയിൽ ആ 11 കാരനേയും അവർ കയറ്റിവിട്ടു. ഒരു പ്ലാസ്റ്റിക് ബാഗും പാസ്പോർട്ടും സ്ലൊവാക്യയിലുള്ള ബന്ധുക്കൾക്ക് കൈമാറാനുള്ള കത്തും നൽകിയാണ് അമ്മ അവനെ യാത്രയാക്കിയത്.

ആയിരം കിലോമീറ്റർ താണ്ടി അതിർത്തിയിൽ എത്തിയപ്പോൾ അവനെ സ്വീകരിക്കാൻ ഉണ്ടായിരുന്നത് സ്ലൊവാക്യയിലെ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. കുട്ടിയെ അവർ സുരക്ഷിതമായ ഇടത്തെത്തിച്ചു. ഭക്ഷണവും വെള്ളവും നൽകി ക്ഷീണമകറ്റി. കൈയിലുള്ള കുറിപ്പിൽ നിന്ന് ബന്ധുക്കളുടെ വിലാസവും ഫോൺ നമ്പറും ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ആയിരം കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച ഉക്രയ്നിലെ കുട്ടി ഹീറോയെപ്പറ്റി സ്ലൊവാക്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചെയ്ത ട്വീറ്റാണ് അവന്റ കഥ പുറം ലോകത്ത് എത്തിച്ചത്.

Related Posts