ഓരോ അഞ്ച് മിനിറ്റിലും ഒരു ആംബുലൻസ് പോകുന്നു, കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ മനസ്സിലായെന്ന് രാഹുൽ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ താന്‍ തിരിച്ചറിഞ്ഞ കാര്യം ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണെന്ന് രാഹുല്‍ഗാന്ധി. ഓരോ അഞ്ച് മിനിറ്റിലും താൻ കടന്നുപോയ വഴികളിലൂടെ ഒരു ആംബുലൻസ് എന്ന കണക്കിന് ചീറിപ്പായുന്നത് കാണുന്നുണ്ട്. അപകടമുണ്ടാക്കുംവിധം ആംബുലന്‍സുകളുടെ ചീറിപ്പായലും അമ്പരപ്പിച്ചു. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ആദ്യം അമിത വേഗത മൂലമാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയമായ നിർമ്മാണമാണ് ഇത്രയധികം അപകടങ്ങൾക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നത്. എൽ ഡി എഫി നെയോ മുഖ്യമന്ത്രിയെയോ വിമർശിക്കാനല്ല ഞാൻ ഇത് പറയുന്നത്. ഇപ്പോള്‍ ഭരിക്കുന്നത് എല്‍ ഡി എഫ് ആണെങ്കില്‍ മുന്‍കാലത്ത് യു ഡി എഫും ഭരിച്ചിട്ടുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.