കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം
തൃശ്ശൂര്‍: കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാൻ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ചാവക്കാട്ടെ ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. വേഗത്തിൽ നടന്നുവന്ന ഉസ്മാൻ അത് ഗ്ലാസ് വാതിലാണെന്ന് അറിയാതെ കടയിലേക്ക് കടക്കാൻ ശ്രമിക്കുകയും ഇതിൽ തല ഇടിച്ച് നിലത്തു വീഴുകയുമായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയുടെ പിൻഭാഗത്തുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.