അമിതവേഗക്കാരെ പറ്റിക്കാൻ വീടിനടുത്ത് 'പക്ഷിക്കൂട് ക്യാമറ' സ്ഥാപിച്ച് ഇംഗ്ലിഷുകാരൻ

അതിവേഗം വാഹനങ്ങൾ ഓടിച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും നെഞ്ചിടിപ്പു കൂട്ടുന്ന ഡ്രൈവർമാരെ പറ്റിക്കാൻ ബില്ലിംഗ്ഹാം സ്വദേശിയായ മൈക്ക് റാത്ത്മാൾ ചെയ്തത് ഒറ്റക്കാര്യമാണ്. വീടിനോട് ചേർന്നുള്ള റോഡിൻ്റെ സൈഡിലായി ഒരു പക്ഷിക്കൂട് സ്ഥാപിച്ചു. ട്രാഫിക് ഡിപാർട്മെൻ്റിൻ്റെ ബോക്സ് ക്യാമറയെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരു പക്ഷിക്കൂട്. ബോക്സ് ക്യാമറയുടേതിന് സമാനമായി മഞ്ഞയും സിൽവറും കലർന്ന പെയ്ൻ്റും കൂടിന് അടിച്ചു.

എട്ടടി ഉയരത്തിൽ സ്ഥാപിച്ച ബേർഡ് ബോക്സ് ശരിക്കും ഹിറ്റായെന്ന് മൈക്ക് റാത്ത്മാൾ പറയുന്നു. മണിക്കൂറിൽ 30 മൈൽ വേഗതയാണ് പ്രദേശത്ത് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇരട്ടിയിലും കൂടുതൽ വേഗതയിലാണ് അതുവഴി വാഹനങ്ങൾ ചീറിപ്പാഞ്ഞു പോയിരുന്നത്. എന്നാൽ പക്ഷിക്കൂട് ക്യാമറ വന്നതിനുശേഷം ഭൂരിഭാഗം വാഹനങ്ങളും വേഗത കുറച്ചാണ് അതുവഴി കടന്നുപോകുന്നത്. ഒറ്റനോട്ടത്തിൽ ക്യാമറയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നത് മൂലമാണ് കബളിപ്പിക്കൽ തുടരാനാവുന്നതെന്ന് വീട്ടുകാരൻ പറയുന്നു.

Related Posts