സൗരയൂഥത്തിന് പുറത്തുള്ള ബാഹ്യഗ്രഹം കണ്ടെത്തി, വ്യാഴത്തേക്കാൾ 1.4 മടങ്ങ് വലിപ്പം

സൂര്യൻ്റെ ഒന്നര മടങ്ങ് പിണ്ഡമുള്ള, പ്രായം ചെന്ന ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ബാഹ്യഗ്രഹത്തെ കണ്ടെത്തി. അഹമ്മദാബാദ് ആസ്ഥാനമായ ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ഭൂമിയിൽ നിന്ന് 725 പ്രകാശവർഷം അകലെയുള്ള എക്സോ പ്ലാനറ്റ് അഥവാ ബാഹ്യഗ്രഹത്തെ കണ്ടെത്തിയതെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ അറിയിച്ചു.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ 1.4 മടങ്ങ് വലിപ്പമുള്ള ഈ ബാഹ്യഗ്രഹം നക്ഷത്രത്തോട് അസാധാരണമാം വിധം അടുത്താണ് പരിക്രമണം ചെയ്യുന്നത്. കേവലം 3.2 ഭൗമദിനങ്ങൾക്കുള്ളിലാണ് ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. വ്യാഴത്തേക്കാൾ വലുതാണെങ്കിലും പിണ്ഡം അതിൻ്റെ 70 ശതമാനമേ വരൂ.
ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതും നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ളതുമായ ഗ്രഹങ്ങളെയാണ് എക്സോ പ്ലാനറ്റുകൾ എന്നുവിളിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയ എക്സോ പ്ലാനറ്റും അതിന്റെ നക്ഷത്രവും തമ്മിലുള്ള ദൂരം സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്റെ പത്തിലൊന്നാണ്.