വൈകല്യത്തിൽ തളരാത്ത പോരാളി; സ്കൈ ഡൈവിംഗിൽ നേട്ടം കുറിച്ച് മേജർ ദേവേന്ദർ പാൽ സിംഗ്
പഞ്ചാബ് : 'യാഥാർത്ഥ്യം അംഗീകരിച്ച് മുന്നോട്ടു പോവുക', കാർഗിൽ യുദ്ധസേനാ നായകനും, ഇന്ത്യയിലെ ആദ്യ ബ്ലേഡ് റണ്ണറുമായ മേജർ ദേവേന്ദർ പാൽ സിംഗിന്റെ വാക്കുകളാണിത്. ഇപ്പോഴിതാ വൈകല്യങ്ങളെ അതിജീവിച്ച് ഏഷ്യയിലെ ആദ്യ വികലാംഗ സോളോ സ്കൈ ഡൈവർ എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 1999ൽ ജമ്മു കശ്മീരിലെ അഖ്നൂർ മേഖലയിൽ പോസ്റ്റ് കമാൻഡറായിരുന്ന അദ്ദേഹത്തിന് അതിർത്തിയിലെ വെടിവെപ്പിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരിക്ക് ഏൽക്കുകയായിരുന്നു. മരിച്ചു എന്ന് വിധി എഴുതിയെങ്കിലും അദ്ദേഹം തിരിച്ചു വന്നു. എന്നാൽ വലത് കാലും, കേൾവിയും നഷ്ടമായി. എന്നാൽ അതിലൊന്നും വീണുപോകാൻ ആ ശക്തനായ യോദ്ധാവ് തയ്യാറായിരുന്നില്ല. 2009 ൽ ഡൽഹി മാരത്തണിൽ പ്രത്യേക ബ്ലേഡ് ഉപയോഗിച്ച് ഹാഫ് മാരത്തണിൽ പങ്കെടുത്ത അദ്ദേഹം, രാജ്യത്തെ മുൻനിര കായിക താരങ്ങളുടെ പട്ടികയിലേക്ക് ഉയർന്നു. 2011 ൽ സിംഗ് ദി ചലഞ്ചിങ് വൺസ് എന്ന പേരിൽ എൻ.ജി.ഒ ആരംഭിച്ച് വികലാംഗരായ വ്യക്തികളുടെ ഉന്നമനത്തിനായി പോരാടുകയാണ് അദ്ദേഹം. ആത്മഹത്യക്ക് ശ്രമിച്ചവരുൾപ്പെടെ ഒരു ലക്ഷത്തിലധികം പേർക്ക് പുതുവഴി കണ്ടെത്തി നൽകാൻ അദ്ദേഹത്തിന് സാധിച്ചു.