കുവൈറ്റ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വം ആനന്ദ് കപാഡിയ അന്തരിച്ചു.

കുവൈറ്റ് : കുവൈറ്റ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ (IBPC) ചെയർമാനുമായിരുന്ന ആനന്ദ് കപാഡിയ കാനഡയിലെ ടൊറന്റോയിൽ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു.

ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ (ICSG) ഭാഗമായി, കൊവിഡ് 19 തുടക്കകാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സമയോചിതമായി സഹായം എത്തിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു . കുവൈറ്റിന്റെ കോർപ്പറേറ്റ് ലോകത്തെ വലിയ വ്യക്തിത്വവും അതിലുപരി ഇന്ത്യൻ കലകളെയും കലാകാരന്മാരെയും കുവൈറ്റിന്റെ മണ്ണിൽ അവതരിപ്പിക്കുന്നതിൽ നിർണായക സാന്നിധ്യം ആയിരുന്ന ആനന്ദ് കപാഡിയ ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിൽ വലിയ പങ്ക് വഹിച്ചു.

ഇതിഹാസ താരം ലതാ മങ്കേഷ്‌കർ, പിടി രവിശങ്കർ, ഉസ്താദ് അല്ലാ രഖ, പണ്ഡിറ്റ് ഹരി പ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാർ ശർമ്മ, ഉസ്താദ് സക്കീർ ഹുസൈൻ, ഉസ്താദ് ഷുജത് ഖാൻ, ഉസ്താദ് അംജദ് അലി ഖാൻ തുടങ്ങിയവരെ ഉൾപ്പെടുത്തി കുവൈറ്റിൽ നിരവധി ഇന്ത്യൻ പരിപാടികൾ അദ്ദേഹം സംഘടിപ്പിച്ചു.

തന്റെ ജീവിതത്തിന്റെ 45 വർഷത്തോളം കുവൈറ്റിൽ ചെലവഴിച്ച ശേഷം കപാഡിയ ഈ വർഷം ഫെബ്രുവരിയിൽ തന്റെ മക്കൾക്കൊപ്പം കാനഡയിലേക്ക് പോയി. പക്ഷാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് .

ഭാര്യ ഇന്ദിര മക്കൾ അക്ഷത, മൃഗ, അമിത് .

Related Posts