ചെനാബ് ബ്രിഡ്ജിൻ്റെ മനോഹര ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; അടുത്ത ജയിംസ് ബോണ്ട് സിനിമയിലെ ഓപ്പണിങ്ങ് സീനിന് പറ്റിയ ദൃശ്യമെന്ന് ട്വീറ്റ്
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇന്ത്യൻ വ്യവസായികൾ അധികമില്ല. അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്കിനെ പോലുള്ളവർ ബിസ്നസെല്ലാം ഉപേക്ഷിച്ച് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായി മാറിയാലോ എന്നുപോലും ചിന്തിച്ചു തുടങ്ങുമ്പോഴും ഇന്ത്യൻ ശതകോടീശ്വരൻമാർക്ക് സോഷ്യൽ മീഡിയ അത്ര പഥ്യമല്ല.
ഇതിനൊരു അപവാദമാണ് ആനന്ദ് മഹീന്ദ്ര. തിരക്കുകൾക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി നിൽക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. മഹീന്ദ്രയുടെ പോസ്റ്റുകളെല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.
ആനന്ദിൻ്റെ ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. ചെനാബ് പാലത്തിൻ്റെ ബ്രീത്ത് ടേക്കിങ്ങ് ചിത്രമാണ് മഹീന്ദ്ര പങ്കുവെച്ചത്. "അസാധാരണ നേട്ടം" എന്ന തലക്കെട്ടോടെയുളള കുറിപ്പിൽ അടുത്ത ജെയിംസ് ബോണ്ട് സിനിമയുടെ ഓപ്പണിങ്ങ് സീനിന് പറ്റിയ ദൃശ്യം എന്ന രസകരമായ ഭാവനയും കാണാം.
സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അങ്കുർ ലഹോട്ടിയാണ് പാലത്തിൻ്റെ ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. മഹീന്ദ്ര അത് റീട്വീറ്റ് ചെയ്തതാണ്. ഒപ്പം തൻ്റെ നിറം പിടിപ്പിച്ച ഭാവനയും പങ്കുവെയ്ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം മാത്രമല്ല, ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഗംഭീരമായ പ്രതിഫലനവുമാണ് പാലമെന്ന് അതിൽ പറയുന്നുണ്ട്.
മഹീന്ദ്രയുടെ നിർദേശപ്രകാരം പാലത്തെ എങ്ങാനും ബോണ്ട് സിനിമയിലെടുത്താൽ അതിൽ വെച്ച് ചിത്രീകരിക്കേണ്ട ദൃശ്യങ്ങളെപ്പറ്റിയുള്ള നിർദേശങ്ങളിലൂടെ ചർച്ചകൾ കൊഴുക്കുകയാണ്. ജയിംസ് ബോണ്ട് ഒരു മഹീന്ദ്ര താർ ഓടിച്ച് പാലത്തിലൂടെ പോയാൽ പൊളിക്കുമെന്ന് ഒരാൾ പറയുന്നു. എന്നാൽ അതി സാഹസികനായ ബോണ്ട് പാലത്തിൽ നിന്ന് താഴേക്ക് ചാടുന്നതാണ് മറ്റൊരാൾ ഭാവനയിൽ കാണുന്നത്. എന്തായാലും ബോണ്ട് മൂവിയിൽ വന്നാലും ഇല്ലെങ്കിലും മഹീന്ദ്രയുടെ ട്വീറ്റോടെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കാടുകേറിയ ഭാവനകൾ ചെനാബ് പാലത്തിനു ചുറ്റുമായി ചിറകടിച്ച് പറന്നു തുടങ്ങിയിരിക്കുന്നു.