ഒഴിപ്പിക്കല്‍ ദൗത്യത്തിന് സ്‌പൈസ് ജെറ്റും; ബുഡാപെസ്റ്റിലേക്ക് പ്രത്യേക സര്‍വീസ്

ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്‌പൈസ് ജെറ്റും. റഷ്യന്‍ സൈനിക ആക്രമണത്തിനിടെ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് ഒഴിപ്പിക്കല്‍ രക്ഷാദൗത്യവുമായി പറക്കുക. ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്റ്റിലെത്തുന്ന വിമാനം ജോര്‍ജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനായി കൂടുതല്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി അറിയിച്ചു.

രാജ്യത്തെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പോളണ്ട് അറിയിച്ചു. വിസ വേണമെന്ന് ആവശ്യപ്പെടില്ല. ഒരു വിവേചനവും ഉണ്ടാകില്ല. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന എല്ലാവര്‍ക്കും സാധ്യമായ സഹായം ചെയ്തു നല്‍കുമെന്നും പോളണ്ട് അംബാസഡര്‍ അറിയിച്ചു.

Related Posts