മൂന്ന് തലസ്ഥാനങ്ങൾ: വിവാദ ബിൽ പിൻവലിച്ച് ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ നിർദേശിച്ചുള്ള ബിൽ പിൻവലിച്ചതായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി നിയമസഭയിൽ പ്രഖ്യാപിച്ചു. വിസാഗിൽ എക്സിക്യൂട്ടീവ് തലസ്ഥാനവും അമരാവതിയിൽ ലെജിസ്ലേറ്റീവ് തലസ്ഥാനവും കുർണൂലിൽ ജുഡീഷ്യൽ തലസ്ഥാനവും രൂപീകരിക്കാനുള്ള ത്രീ ക്യാപിറ്റൽ ബിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വിവിധ ജനവിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് കർഷകർക്കിടയിൽ വലിയ പ്രതിഷേധമാണ് ബില്ലിനെതിരെ ഉയർന്നത്. കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പരിപാടികൾ അരങ്ങേറുകയാണ്. അമരാവതിയിൽ നിന്ന് നവംബർ 1-ന് തുടക്കം കുറിച്ച 45 ദിവസം നീണ്ട കർഷക പദയാത്ര നെല്ലൂരിൽ എത്തിയ വേളയിലാണ് ബിൽ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.