വഴിയോരത്ത് സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ അനെർട്ട്.

കൊച്ചി: ദേശീയപാതകളിലും എം സി റോഡിലും സൗരോർജ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ അനെർട്ട്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പാതയോരത്തുള്ള ഹോട്ടലുകളുടെയും മാളുകളുടെയും മുൻപിൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ഹോട്ടൽ/മാൾ ഉടമകളിൽനിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങി. ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും. ഇതിൽ 10 ലക്ഷം അനെർട്ട് നൽകും.

അനെർട്ടിന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇ ഇ എസ് എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.

അഞ്ച് മുതൽ 50 കിലോ വാട്ടിന്റെ സോളാർ പാനലുകളാണ് ചാർജിങ് സ്റ്റേഷനിൽ സ്ഥാപിക്കുക. രണ്ടുതരത്തിലുള്ള ചാർജിങ് മെഷീനുകളാണ് സ്ഥാപിക്കുക. ഫാസ്റ്റ് ചാർജറിൽ ഒരു മണിക്കൂറും സ്ലോ ചാർജറിൽ ആറു മണിക്കൂറും വേണം.

സൗരോർജം ഉപയോഗിച്ച് ഒരു സമയം മൂന്ന് വാഹനങ്ങൾക്ക് ചാർജ് ചെയ്യാം. 50 കിലോ വാട്ട് ചാർജിങ് സ്റ്റേഷനിൽ സൗരോർജത്തിനു പുറമെ വൈദ്യുതി കൂടി ഉപയോഗിക്കുകയാണെങ്കിൽ നാല് കാറുകൾ ചാർജ് ചെയ്യാം

60 കിലോ വാട്ട് വീതമുള്ള സി സി എസ് (കംബൈൻഡ് ചാർജിങ് സിസ്റ്റം), ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു എ സി ചാർജറുകളുള്ള 142 കിലോ വാട്ടിന്റെ മെഷീനുകളുമാണ് സ്ഥാപിക്കുക.

നിലവിലുള്ള വാഹനങ്ങൾ ഒരു തവണ ചാർജ് ചെയ്യാൻ 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. യൂണിറ്റിന് 15 രൂപയാണ് നിരക്ക് ഈടാക്കുക. വൈദ്യുതി ഉപയോഗിച്ചാൽ കെ എസ് ഇ ബിക്ക് അഞ്ച് രൂപ നൽകണം. ബാക്കി ഉടമകൾക്ക് ലഭിക്കും. പൂർണമായും സൗരോർജം ആണെങ്കിൽ 15 രൂപയും ഉടമയ്ക്കായിരിക്കും.

ജില്ലയിൽ അഞ്ചെണ്ണമാണ് ആദ്യഘട്ടമുണ്ടാവുക. പരിശോധനയ്ക്കു ശേഷം സ്റ്റേഷൻ ആരംഭിക്കും

അടുത്ത മാസം മുതൽ ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലഭിച്ച അപേക്ഷകളിൽനിന്ന് സ്ഥലം അടിസ്ഥാനമാക്കിയാകും ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുക. ഇതിനായി വിദഗ്ദ്ധസംഘം അപേക്ഷ നൽകിയ ഹോട്ടലുകളിലും മാളുകളിലും പരിശോധന നടത്തുമെന്ന് അനെർട്ടിന്റെ ഇ മൊബിലിറ്റി സെൽ ഹെഡ് ജെ മനോഹർ പറഞ്ഞു.

Related Posts