വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ അങ്കണവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ദേശമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ട 1,3,5 വാർഡുകളിലെ അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്തത്.
ദേശമംഗലം പഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകളിൽ എം ജി എൻ ആർ ഇ ജി എസ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ട് മൂന്ന് ലക്ഷം രൂപയും ഐ സി ഡി എസ് ഫണ്ട് രണ്ട് ലക്ഷം രൂപയും ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടങ്ങളുടെ പണി പൂർത്തീകരിച്ചത്. മൂന്നാം വാർഡിൽ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി 24,35,566 രൂപ ചെലവഴിച്ച് 56 ആം നമ്പർ അങ്കണവാടിയാണ് പണി പൂർത്തീകരിച്ചത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.